എനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…

ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം.

എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്‍പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന്‍ ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്.

തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള്‍ കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍ എനിക്ക് ഇന്ത്യയില്‍ തന്നെ തുടരാനാകും.

വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ യുഎസിനേക്കാള്‍ കൂടുതല്‍ രീതിശാസ്ത്രപരവും വിജയകരവുമായ സമീപനമാണ് ഇന്ത്യയുടേത്. ‘

ടെറി ജോണ്‍ കണ്‍വേഴ്സ് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാടകത്തിന്റെ എമെറിറ്റസ് പ്രൊഫസറാണ് , സംവിധാനം, സമകാലിക ലോക നാടകം, സ്‌ക്രിപ്റ്റ് വിശകലനം എന്നിവ ഇദ്ദേഹം പഠിപ്പിക്കുന്നു.

ഇപ്പോള്‍ കൊച്ചിയിലെ പനമ്പിളി നഗറില്‍ താമസിക്കുന്ന അദ്ദേഹത്തിന് മെയ് 20 വരെ വിസ നീട്ടികിട്ടി അപ്പോഴേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് വിശ്വാസിക്കുന്നത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് അമേരിക്ക പത്തുലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 60000ല്‍ പരം ആളുകള്‍ മരണമടഞ്ഞു.

അമേരിക്കയില്‍ വൈറസ് പകര്‍ച്ചവ്യാധി കുറയുന്നതിന്റെ യാതൊരു സൂചനയുമില്ലാത്തതിനാല്‍ അദ്ദേഹം അഭിഭാഷക കെ പി ശാന്തി വഴി കോടതിയെ സമീപിക്കുകയായിരുന്നു.

”അന്താരാഷ്ട്ര വിമാനങ്ങള്‍ അപ്പോഴേക്കും പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍, അപേക്ഷകന്റെ വീസ ആ കാലയളവിനപ്പുറം നീട്ടേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.” ഹൈക്കോടതി പറഞ്ഞു.


2012ല്‍ ഫുള്‍ബ്രൈറ്റ് ഗ്രാന്റില്‍ ഇന്ത്യയിലെത്തിയ കോണ്‍വേഴ്സ് രാജ്യത്തെ തദ്ദേശീയ നാടകവേദികളെക്കുറിച്ച് പഠിക്കുകയും ചെയ്തു.

പരമാവധി 180 ദിവസത്തെ താമസം അനുവദിച്ചിരുന്ന ഒരു ടൂറിസ്റ്റ് വീസയില്‍ എത്തിയാണ് അദ്ദേഹം കേരളത്തില്‍ താമസിക്കുന്നത്. ഈ വീസയുടെ കാലാവധിയാണ് ഇപ്പോള്‍ തീരുന്നത്.

കൊച്ചിയില്‍ ഫീനിക്‌സ് വേള്‍ഡ് തിയറ്റര്‍ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തോടൊപ്പമാണ് നാടക പ്രവര്‍ത്തകന്‍ താമസിക്കുന്നത്.

”കൊച്ചിയില്‍ ഒരു ഇന്ത്യന്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്, അവിടെ എനിക്ക് സുഖവും സുരക്ഷിതത്വവുമുണ്ട്,” ടെറി ജോണ്‍ കണ്‍വേര്‍സ് പറഞ്ഞു.


”ഇന്ത്യ പൊതുവെ, പ്രത്യേകിച്ചും കേരളം, വൈറസ് പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം അതിശയകരമാണ്,” അദ്ദേഹം പറയുന്നു.

Related posts

Leave a Comment