കൃത്യമായി കക്കൂസ് ഉപയോഗിക്കൂ മാസം 2500 രൂപ നേടൂ! വിപ്ലവകരമായ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് രാജസ്ഥാനില്‍…

toiletജയ്‌സാല്‍മീര്‍:പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം  അവസാനിപ്പിക്കാന്‍ പുതിയ പദ്ധതി. സ്ഥിരമായി കക്കൂസ് ഉപയോഗിക്കുന്നവര്‍ക്ക് മാസം 2500 രൂപയാണ് പുതിയ പദ്ധതി പ്രകാരം ലഭിക്കുന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ കളക്ടര്‍ സുധീര്‍ ശര്‍മയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ബൈയ്ത്തു, ഗിദാ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജോത്പാദന കമ്പനികളിലൊന്നായ കെയ്‌റന്‍ ഇന്ത്യ, ഗ്രാമീണമേഖലാ വികസന സഭ(ആര്‍ഡിഒ), ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും സുധീര്‍ ശര്‍മ പറയുന്നു. സ്ഥിരമായി കക്കൂസ് ഉപയോഗിക്കുന്ന ശീലം ഗ്രാമീണരില്‍ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി  പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശര്‍മ പറയുന്നു.
പദ്ധതി പ്രഖ്യാപനത്തിനിടെ തുടര്‍ച്ചയായി കക്കൂസ് ഉപയോഗിച്ച് മാതൃകയായ ബൈത്തു ഗ്രാമത്തിലെ എട്ടു കുടുംബങ്ങള്‍ക്ക് 2500 രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. ഗ്രാമീണമേഖലാ വികസന സഭയുടെ പ്രതിനിധികള്‍ കക്കൂസ് ഉപയോഗിക്കുന്നദതിന്റെ ഗുണഗണങ്ങളേപ്പറ്റി ഗ്രാമീണരോട് വിശദീകരിക്കുകയും ചെയ്തു. കക്കൂസ് നിര്‍മിച്ച ശേഷം രണ്ടു മൂന്നു മാസം കെയ്‌റന്റെയും ആര്‍ഡിഒയുടെയും പ്രതിനിധികള്‍ ഗ്രാമീണര്‍ തുടര്‍ച്ചയായി കക്കൂസ് ഉപയോഗിക്കുന്നുണ്ടോ എന്നു നിരീക്ഷിച്ചിരുന്നു. ഈ നിയമം കൃത്യമായി പാലിച്ചവര്‍ക്കാണ് ഇപ്പോള്‍ ചെക്കു നല്‍കിയിരിക്കുന്നത്.

ഇവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതിനുള്ള നിയമ ഭേദഗതി സിലാ പരിക്ഷത്ത്, കെയ്‌റന്‍ ഇന്ത്യ, ആര്‍ഡിഒ എന്നിവയുടെ മുമ്പാകെയാണ് നടപ്പാക്കിയത്. ഈ പദ്ധതി കൃത്യമായി നടപ്പിലായാല്‍ ബെയ്തു, ഗിദാ പഞ്ചായത്തുകളിലെ 15,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ശര്‍മ വ്യക്തമാക്കി. ഈയൊരു ലക്ഷ്യം പൂര്‍ത്തിയായാല്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക്  വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts