കൊറോണ ബാധിച്ചു എന്നു മനസ്സിലാക്കിയാല്‍ ജീവന്‍ പോകുമെന്ന് ഭയപ്പെടേണ്ടതില്ല ! 80 ശതമാനം ആളുകളിലും ഇത് പെട്ടെന്ന് തന്നെ ഭേദമാകും; ചൈനയിലെ പഠനഫലം ഇങ്ങനെ…

ലോകജനതയെ ബാധിച്ചിരിക്കുന്ന മഹാമാരി കൊറോണയെക്കുറിച്ച് ചൈനയില്‍ നടത്തിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം നല്‍കുന്നത്.


ചൈനയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോവിഡ്19 ബാധിച്ചവരില്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഭീതി തെല്ലൊന്ന് കുറയ്ക്കുന്നതാണ്.

രോഗം ബാധിച്ച 80 ശതമാനം പേരിലും അതിന്റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് ഈ പഠനങ്ങള്‍ വെളിവാക്കുന്നത്.

പനിയോ ചുമയോ പോലുള്ള നിസാര പ്രശ്‌നങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക ആളുകളിലും പ്രകടമാകുന്നത്. ഇത്തരക്കാര്‍ വേഗത്തില്‍ രോഗവിമുക്തരാവുകയും ചെയ്യുന്നു.

രോഗബാധിതനായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗം പടര്‍ത്തുവാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗി എത്തുമെന്നാണ് ജര്‍മന്‍ ഗവേഷകര്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്.

എന്നാല്‍ ഗുരുതരമായ രോഗം ബാധിച്ച രോഗികളില്‍ 24 ദിവസം വരെ വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതായത് അത്രയും നാള്‍ അയാളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാദ്ധ്യതയുണ്ടെന്നര്‍ത്ഥം.

ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പട്ടതിനു ശേഷം ഇതുവരെ ഏകദേശം 81,000 പേര്‍ക്കാണ് ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3200 പേരില്‍ അധികം പേര്‍ മരണമടഞ്ഞു.

ഒരു ദിവസം 3892 രോഗബാധ വരെ രേഖപ്പെടുത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു അന്ന്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ വളരെക്കുറവാണെന്നത് ചൈനക്ക് ആശ്വാസം പകരുന്നുണ്ട്. എങ്കിലും, വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നും വീണ്ടും രോഗം പടരുമോ എന്ന ഭയവുമുണ്ട്.

ഒരു സാധാരണ പനിയുടെയോ ഫ്ളൂവിന്റെയോ ലക്ഷണങ്ങളായിരിക്കും നേരിയ തോതില്‍ കൊറോണ ബാധിച്ചവരില്‍ പ്രത്യക്ഷപ്പെടുക.

എന്നാല്‍ അത് പനിയാണെന്നു പറഞ്ഞ് തള്ളിക്കളയരുത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വരണ്ട ചുമ, പനി, പേശീ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

ചൈനയില്‍ ഇതുവരെ ഏതാണ്ട് 90% പേര്‍ സുഖപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. രോഗബാധക്ക് ശേഷം എത്രനാള്‍ വൈറസ്സ് രോഗിയുടെ ശരീരത്തില്‍ ഉണ്ടാകും, എത്രനാള്‍ കൊണ്ട് രോഗം സുഖപ്പെടും എന്നൊക്കെയുള്ള പഠനത്തിന് പക്ഷെ സമ്മിശ്രഫലമാണ് ലഭിച്ചത്.

പത്ത് ദിവസം വരെയെ ഈ വൈറസ് രോഗിയുടെ ശരീരത്തില്‍ ഉണ്ടാവുകയുള്ളു എന്ന് ജര്‍മന്‍ ഗവേഷകര്‍ പറയുമ്പോള്‍ ചൈനയില്‍ നടത്തിയ ചില ഗവേഷണങ്ങളില്‍ 24 ദിവസം വരെ ഈ വൈറസ്സ് രോഗിയുടെ ശരീരത്തില്‍ ഉണ്ടാകാമെന്നാണ് കണ്ടത്.

ഒരു രോഗിയുടെ ശരീരത്തില്‍ ഇത് 37 ദിവസങ്ങള്‍ വരെ ഉണ്ടായിരുന്നു.എന്നിരുന്നാലും നേരിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവര്‍ക്ക് പെട്ടെന്ന് രോഗവിമുക്തി ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ലക്ഷണങ്ങളുടെ തീവ്രതയേറും തോറും രോഗവിമുക്തിക്ക് കൂടുതല്‍ സമയം എടുക്കും.

പ്രധാനമായും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുക. വായിലൂടെയും കണ്ണുകളിലൂടെയും പ്രവേശിക്കാനും സാധ്യതയുണ്ട്. മൂക്ക്, തൊണ്ട, ശ്വാസകോശത്തിന്റെ മുകള്‍ഭാഗത്തെ കോശങ്ങള്‍ എന്നിവ അടങ്ങുന്ന ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്തെയാണ് ഇത് ആദ്യം ബാധിക്കുക.

തൊണ്ടയില്‍ അണുബാധയുണ്ടാകുമ്പോഴാണ് വരണ്ട ചുമയുണ്ടാകുന്നത്. പിന്നീട് ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ ശ്വാസതടസ്സവും ഉണ്ടാകുന്നു.

ഈ രോഗകാരിക്കെതിരെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങള്‍ പൊരുതാന്‍ തുടങ്ങുമ്പോഴാണ് പനിയും പേശീവേദനയുമൊക്കെ സംഭവിക്കുക.

ശ്വാസനാളത്തിന്റെ താഴത്തെ ഭാഗത്തേക്ക് വൈറസ് ബാധ പകരുമ്പോഴാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഉണ്ടാകുന്നത്.

ഇത് ന്യൂമോണിയക്ക് കാരണമാവുകയും ശ്വാസകോശത്തിനകത്ത് വാതകമാറ്റം നടക്കുന്ന ചെറിയ വായുസഞ്ചികള്‍ ഒരു ദ്രാവകത്താല്‍ നിറയ്ക്കുകയും ചെയ്യും. പ്രായമായവരെയാണ് ഈ അവസ്ഥ ഏറ്റവും മോശമായി ബാധിക്കുക.

Related posts

Leave a Comment