‘എപിഎംസി’ ചന്തയില്‍ കോളിഫ്‌ളവറിന് വിലയിട്ടത് വെറും ഒരു രൂപ; പ്രതിഷേധമായി 1000 കിലോ കോളിഫ്‌ളവര്‍ വഴിയരികില്‍ ഉപേക്ഷിച്ച് കര്‍ഷകന്‍;നിരവധി ആളുകള്‍ കൃഷി ഉപേക്ഷിച്ചു…

പുതിയ കര്‍ഷക നിയമം വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒന്നാണ് എപിഎംസി(അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) മാര്‍ക്കറ്റുകള്‍. പുതിയ നിയമങ്ങള്‍ ഈ മാര്‍ക്കറ്റുകളെ തുടച്ചുനീക്കുമെന്നും ഇത് കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു കാര്‍ഷികസമരം നയിക്കുന്ന സംഘടനകളുടെ ഒരു പ്രധാന ആരോപണം.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഒരു ശരാശരി വിലയിട്ട് സ്വീകരിക്കുകയാണ് ഇത്തരം മാര്‍ക്കറ്റുകളുടെ രീതി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു താങ്ങുവില. എന്നാല്‍ പലപ്പോഴും മാര്‍ക്കറ്റ് വില 10 ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാര്‍ക്കറ്റുകള്‍ ഇടുന്ന താങ്ങുവില ഒരു രൂപയും മറ്റുമായിരിക്കും.

പുതിയ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദുരവസ്ഥയാണ് ഉത്തര്‍പ്രദേശിലെ കോളിഫ്‌ളവര്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

എട്ടു രൂപ പ്രതീക്ഷിച്ചിടത്ത് എപിഎംസി മാര്‍ക്കറ്റുകള്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണ വിലയായിട്ടത് കേവലം ഒരു രൂപ മാത്രമാണ്. എന്നാല്‍ ഒരു രൂപയ്ക്ക് കോളിഫ്‌ളവര്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയ മുഹമ്മദ് സലിം എന്ന കര്‍ഷകന്‍ 1000 കിലോ കോളിഫ്‌ളവറാണ് ഉപേക്ഷിച്ചത്.

തുടര്‍ന്ന് അത് ദരിദ്രരായ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയായിരുന്നു.ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവെങ്കിലും ലാഭിക്കാനാണ് ദരിദ്രര്‍ക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് കര്‍ഷകന്‍ പറയുന്നു. പിലിബിത്തിയിലാണ് സംഭവം.

വിപണിയില്‍ കിലോയ്ക്ക് 12 മുതല്‍ 14 രൂപ വരെ വിലയുള്ളപ്പോള്‍ ഒരു രൂപ നല്‍കാമെന്നാണ് എപിഎംസിയുടെ കീഴിലുള്ള വ്യാപാരികള്‍ പറഞ്ഞത്. എട്ടുരൂപയെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിരുന്നതെന്നും മുഹമ്മദ് സലീം പറയുന്നു. ഒരു രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ തന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ് പോലും നികത്താന്‍ സാധിക്കില്ലെന്നും കര്‍ഷകന്‍ പറയുന്നു.

അര ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. വിത്ത്, കൃഷി, ജലസേചനം, വളം തുടങ്ങിയവയ്ക്കായി 8000 രൂപ ചെലവഴിച്ചു. ഇതിന് പുറമേ ട്രാന്‍സ്പോര്‍ട്ടേഷന് മാത്രമായി 4000രൂപ അധികം വേണ്ടി വരും. ഇത് പോലും നികത്താന്‍ ഒരു രൂപയ്ക്ക് വിറ്റാല്‍ സാധിക്കില്ല. ഈ നഷ്ടമെങ്കിലും ഒഴിവാക്കാനാണ് കോളിഫ്ളവര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്നും കര്‍ഷകന്‍ പറയുന്നു.

വാണിജ്യബാങ്കില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വായ്പ എടുത്തിട്ടുണ്ട്. ദരിദ്ര കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിക്കുകയാണ്. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുള്ള തന്റെ കുടുംബം പട്ടിണിയുടെ വക്കിലാണെന്നും മുഹമ്മദ് സലീം പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ പട്ടികയില്‍ കോളിഫ്ളവര്‍ ഉള്‍പ്പെടാത്തത് കൊണ്ട് സംഭരണവില നിശ്ചയിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് എപിഎംസി പറയുന്നത്.

Related posts

Leave a Comment