വേറൊരു സമരമുറ! തന്നെ അപമാനിച്ചവരെ പോലീസ് സംരക്ഷിക്കുന്നു; മരത്തില്‍ കയറി യുവതിയുടെ ഭീഷണി; മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കില്‍ ജനങ്ങള്‍

veena2കണ്ണൂര്‍: നഗരമധ്യത്തിലെ മരത്തില്‍ കയറി യുവതിയുടെ ഭീഷണി. സാമൂഹിക പ്രവര്‍ത്തകയായ ഇരിക്കൂര്‍ സ്വദേശിനി വീണാമണി (35)യാണ് കളക്ടറേറ്റിനു വടക്കുഭാഗത്തു കാന്റീനു സമീപം റോഡിനോടുചേര്‍ന്നുള്ള ആല്‍മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയപ്പോള്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് അപമാനിച്ചെന്നും പരാതിയുമായി പോയപ്പോള്‍ പോലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു. തന്നെ അപമാനിച്ചവരെ സംരക്ഷിക്കുന്ന പോലീസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മൂകാംബിക പോലീസ് രാവണ–ദുശാസന കാട്ടാളവര്‍ഗ അനീതിക്കെതിരേ വേറൊരു സമരമുറയെന്ന് എഴുതിയ ബാനറും ആത്മഹത്യാക്കുറിപ്പും യുവതിയുടെ കൈവശമുണ്ടായിരുന്നു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക, ഞാന്‍ വീണാമണി, ഞാന്‍ ഇന്നലെ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരടയാളം എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. യുവതി ഭീഷണിമുഴക്കി മരത്തില്‍ കയറിയതറിഞ്ഞു ടൗണ്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തി. കാല്‍നടയാത്രികര്‍ തടിച്ചുകൂടുകയും വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി യാത്രക്കാര്‍ കൂട്ടമായി എത്തുകയും ചെയ്തതോടെ നഗര ത്തില്‍ ഗതാഗതക്കുരുക്കായി. പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ബഹളവും തിരക്കും കാരണം ഫയര്‍ഫോഴ്‌സിനും പോലീസിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗത്തില്‍ നടത്താന്‍ കഴിഞ്ഞില്ല.

അഗ്‌നിശമന സേനാംഗങ്ങള്‍ മരത്തിനു താഴെ വലവിരിക്കുകയും യുവതി മരത്തില്‍നിന്നു ചാടിയാല്‍ സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കുകയും ചെയ്തു. യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി തയാറായില്ല. ഇതേത്തുടര്‍ന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ ഏണിവച്ചു മരത്തില്‍ കയറി യുവതിയെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി എതിര്‍ത്തു. ഇതോടെ യുവതിയെ പ്രത്യേക വലകൊണ്ടു കെട്ടുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറിനുശേഷം ഇവര്‍ അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ താഴെയിറങ്ങുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം വനിതാ പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവതിയെ പിന്നീടു ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Related posts