മരിച്ചുപോയ മൃഗങ്ങളെക്കുറിച്ച് വേദനിക്കുന്നതില്‍ അര്‍ഥമുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ! എങ്കിലും അവയെ പരിപാലിക്കുന്ന വ്യക്തി എന്ന നിലയില്‍ പറയാതിരിക്കാനാവില്ല; കണ്ണീരണിയിച്ച് ഒരു മൃഗഡോക്ടറുടെ വിലാപം

പ്രളയക്കെടുതികള്‍ നാട്ടില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. പെരുമഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമെല്ലാം ചേര്‍ന്ന് ഒരു ജനതയുടെ പല സ്വപ്‌നങ്ങളും നശിപ്പിച്ചു. എങ്കില്‍പ്പോലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം പലര്‍ക്കും മിച്ചമായിട്ടുണ്ട്.

എന്നാല്‍ മലവെള്ളം കുത്തിയൊഴുകി വന്നപ്പോള്‍ ഒരൊറ്റ നിലവിളി പോലും പൂര്‍ത്തിയാക്കാനാവാതെ ആ വെള്ളത്തില്‍ പിടഞ്ഞ്, ജീവന്‍ വെടിയേണ്ടി വന്ന കുറെയധികം പ്രാണനുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലരും ശ്രദ്ധിച്ചിട്ടില്ല എന്നുവേണം പറയാന്‍. അക്കൂട്ടരാണ് മിണ്ടാപ്രാണികളായ കുറെ മൃഗങ്ങള്‍.

വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന, മിണ്ടാപ്രാണികള്‍ ചത്തുമലച്ചു കിടക്കുന്ന, കരളലിയിക്കുന്ന ആ കാഴ്ച കണ്ട് സഹിക്കാനാവാതെയുള്ള ഒരു മൃഗഡോക്ടറുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

സതീഷ് കുമാര്‍ എന്ന മൃഗഡോക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ…

പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങള്‍ക്ക് നന്ദി. ഞാന്‍ സുരക്ഷിതനാണ് പക്ഷേ ദു:ഖിതനും. എന്റെ തൊഴില്‍ മേഖലയിലെ നൂറു കണക്കിന് കര്‍ഷകരാണ് ഒരൊറ്റ രാത്രികൊണ്ട് സകല ജീവനോപാധികളും നഷ്ടപ്പെട്ട് അശരണരായത്.

മനുഷ്യന്‍ അവന്റെ ജീവനേയും നിലനില്‍പ്പിനേയും പ്രതി വലിയ ആശങ്കയില്‍ നില്‍ക്കുന്ന ഒരു ദുരന്തമുഖത്ത് നിന്നുകൊണ്ട് മരിച്ചു പോയ മൃഗങ്ങളെപ്രതി വേദനിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട.

എങ്കിലും ഒരു മൃഗഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വേദനിക്കുന്നു ജീവന്‍ നഷ്ടമായ അനവധി മൃഗ ജീവനുകളെ പ്രതിയും ഏക വരുമാനം നിലച്ചുപോയ അവയുടെ യജമാനന്മാരെപ്രതിയും പാമ്പുകള്‍ പഴുതാരകള്‍ തുടങ്ങി രേഖപ്പെടുത്താതെ പോയ അസംഖ്യം മനുഷ്യേതര ജീവനുകളെപ്പറ്റിയും.

Related posts