ശരാശരിയില്‍ താഴെ സാമൂഹിക രാഷ്ട്രീയബോധമുള്ളവരാണ് അമ്മയിലുള്ളത്! ഗണേഷിന് ദിലീപിനോട് ശത്രുതയുണ്ടാവാനേ വഴിയുള്ളു; സംവിധായിക വിധു വിന്‍സെന്റ് തുറന്നടിക്കുന്നു

സിനിമാ മേഖല കടുത്ത പ്രതിസന്ധികളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുദാഹരണമാണ് ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ് എന്നു പറയുന്നതുപോലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. വനിതാ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയാണ് സംവിധായിക കൂടിയായ വിധു വിന്‍സെന്റ്്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിധു വിന്‍സെന്റ് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ അവിശ്വസനീയമാണ്. മലയാള സിനിമയിലെ പല പ്രമുഖരുടെയും മുഖംമൂടി പിച്ചിച്ചീന്തുന്നവയാണ് അവയില്‍ പലതും. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപപ്പെട്ട സംഘടന മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ ചെറുക്കുന്ന ശബ്ദമാവുകയാണ്. വിധു പറയുന്നു.

മുമ്പ് സംഭവിച്ചവ ഉള്‍പ്പെടെ നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അവയ്ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെന്നും വിധു പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ പേരില്‍ പിടിയിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ഡബ്ല്യുസിസി ശക്തമായ പ്രതിഷേധ പരിപാടികളുമായി വീണ്ടും സജീവമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകളെ കുറിച്ചും സിനിമയില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ കുറിച്ചും സംഘടനയുടെ ലക്ഷ്യങ്ങളെ കുറിച്ചുമെല്ലാം വിശദമാക്കുകയാണ് വിധു വിന്‍സെന്റ്. ഔദാര്യം പറ്റിയവര്‍ ദിലീപിനെ പിന്തുണയ്ക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യയില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീതിന് വേണ്ടി നടന്ന കലാപാഹ്വാനത്തിന് തുല്യമാണ്.

ഒരു മാടമ്പി നടത്തുന്ന ഉത്തരവ് പോലെയായിരുന്നു അത്. ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഗണേശ് കുമാറിനെ പോലുള്ളവര്‍ക്ക് അയാളോട് പകയുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. ജാമ്യത്തിന് ബുദ്ധിമുട്ടുന്ന ഒരു പ്രതിയെ ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നത് പ്രോസിക്യൂഷന്‍ നാളെ അയാള്‍ക്ക് എതിരെ ഉപയോഗപ്പെടുത്തുമെന്ന് അറിയാത്ത ആളല്ല ഗണേശ്. ദിലീപ് അവിടെ കിടക്കട്ടെ എന്നൊരു ലക്ഷ്യം ഇതിനു പിന്നിലില്ലേ എന്ന് അത്യാവശ്യം ബുദ്ധിയുള്ളവരൊക്കെ സംശയിക്കും. ജയിലില്‍ കിടക്കുമ്പോള്‍ ഇയാള്‍ക്ക് ഇത്ര സ്വാധീനമാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന വാദമല്ലേ കോടതിയില്‍ ഉയര്‍ത്തപ്പെടുക. ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയവരെല്ലാം പ്രമുഖരായ ആളുകളാണ്. ദിലീപിനോട് അല്‍പമെങ്കിലും സ്നേഹമുള്ളവര്‍ അയാള്‍ക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കുകയല്ലേ ചെയ്യുക.

ഇത്രയും പേര്‍ക്ക് അയാളോട് വിരോധമെന്താണെന്നാണ് മനസിലാകാത്തത്. ദിലീപ് തന്നെ പ്രതിയോ കുറ്റവാളിയോ ആകണമെന്ന് ഒരു നിര്‍ബന്ധവും ഡബ്ല്യുസിസിയ്ക്കില്ല. ദിലീപിന്റെ സിനിമകള്‍ കാണുകയും ചിരിക്കുകയും ചെയ്യുന്ന ആളുകള്‍ തന്നെയാണ് നമ്മളും. ദിലീപിനോട് നമുക്കാര്‍ക്കും പ്രത്യേകിച്ച് വിരോധം തോന്നേണ്ട ഒരു കാര്യവുമില്ല. ഈ മനുഷ്യനാണ് ഇതിനു പിന്നിലെങ്കില്‍ എന്തിനത് ചെയ്തു എന്ന അമ്പരപ്പ് ഇപ്പോഴുമുണ്ട്. അമ്മ സംഘടന എന്താണെന്ന് ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ശരാശരിയില്‍ താഴെ സാമൂഹ്യബോധവും രാഷ്ട്രീയബോധവും ഉള്ളവരാണ് അമ്മയിലുള്ളത്. ഡബ്ല്യുസിസിയില്‍ വരുന്ന പരാതികള്‍ ഞെട്ടിക്കുന്നതാണ്. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ റൂമിലേക്ക് വിളിക്കുന്ന സംഭവങ്ങള്‍ വരെ. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടിയെന്നോ കുറഞ്ഞെന്നോ ഞാന്‍ കരുതുന്നില്ല. മുമ്പുണ്ടായിരുന്നതു പോലെ തന്നെ വ്യാപകമായി അവ നടക്കുന്നുണ്ട് എന്നേ പറയാനാവൂ.

 

Related posts