ലോകത്തെ മികച്ച ആറ് ആയോധനകലാ പ്രതിഭകളുടെ പട്ടികയില്‍ ‘ഇന്ത്യന്‍ ബ്രൂസ്‌ലി’ വിദ്യുത് ജാംവാലും;വിദ്യുതിനെ തികഞ്ഞ കളരിയഭ്യാസിയാക്കിയത് കേരളത്തില്‍ ചെലവഴിച്ച ബാല്യകാലം; താരത്തിന്റെ ഭക്ഷണശീലം ആരെയും അമ്പരപ്പിക്കുന്നത്

ഇന്ത്യന്‍ സിനിമയിലെ മസില്‍മാന്‍ വിദ്യുത് ജാംവാല്‍ ലോകത്തെ മികച്ച ആറ് ആയോധന കലാപ്രതിഭകളുടെ പട്ടികയില്‍. അമേരിക്കയിലെ പ്രശസ്ത വെബ്സൈറ്റ് ലൂപ്പറാണ് വിദ്യുതിനെ തിരഞ്ഞെടുത്തത്. കളരിപ്പയറ്റില്‍ കാണിക്കുന്ന അസാധാരണ വൈദഗ്ധ്യമാണ് വിദ്യുതിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഫോഴ്സ്, തുപ്പാക്കി, ബില്ല 2, കമാന്‍ഡോ, അന്‍ജാന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്. ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാവുന്ന ആക്ഷന്‍ രംഗങ്ങള്‍ ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

1980 ല്‍ ജമ്മുവിലാണ് വിദ്യുത് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ആര്‍മി ഓഫീസറായിരുന്നു. പിതാവിന്റെ ജോലിയുടെ ഭാഗമായി വിദ്യുത് തന്റെ ബാല്യകാലം പാലക്കാട് ചെലവഴിച്ചിട്ടുണ്ട്. മൂന്നാമത്തെ വയസ്സ് മുതല്‍ അവിടെ നിന്ന് കളരി അഭ്യസിക്കാന്‍ തുടങ്ങി. ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ യാത്ര ചെയ്ത് വ്യത്യസ്ത അയോധനകലകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. 1996 ലാണ് വിദ്യുത് മോഡലിങ് രംഗത്ത് എത്തുന്നത്. കമാന്‍ഡോ പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍ ബ്രൂസ്‌ലി എന്ന വിളിപ്പേര് വീണു.

നല്ല ഫിറ്റ്നസ് മോഹിക്കുന്ന എല്ലാവര്‍ക്കും വിദ്യുത് പ്രചോദനമാണ്. ഇനിയും ഏറെ പരിശ്രമിക്കാനുളള ഊര്‍ജമാണ് ഈ അംഗീകാരമെന്ന് വിദ്യുത് പ്രതികരിച്ചു. ഫിറ്റ്നസ് നിലനില്‍ത്തണമെങ്കില്‍ മാംസാഹാരം അനിവാര്യമാണെന്ന സങ്കല്‍പം തിരുത്തിയ നടനാണ് വിദ്യുത്. പൂര്‍ണമായും സസ്യാഹാരിയാണ് അദ്ദേഹം. പതിനാല് വയസ്സ് മുതലാണ് മാംസാഹാരം ഒഴിവാക്കിയത്. ലഹരി പദാര്‍ത്ഥങ്ങള്‍ കഴിക്കാറില്ല. 72 കിലോയാണ് അദ്ദേഹത്തിന്റെ ശരീരത്തിന്റെ തൂക്കം. ചെറുപ്പകാലം മുതല്‍ ആയോധനകലകള്‍ അഭ്യസിക്കാന്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യം.

ഇല്‍റം ചോയ് (ദക്ഷിണ കൊറിയ ആയോധനകല- തായ്ക്വാണ്ടോ), സ്‌കോട്ട് അഡ്കിന്‍ (ബ്രിട്ടണ്‍ ആയോധനകല- കിക്ക് ബോക്സിങ്, തായ്ക്വാണ്ടോ), മാര്‍കോ സരോര്‍(ചിലി തെയ്ക്വാണ്ടോ, ജൂഡോ, കുങ്ഫു), സാം ഹര്‍ഗ്രേവ് (അമേരിക്കന്‍ ആയോധനകല-ജൂഡോ, പഞ്ച്-ഫു), ലത്തീഫ് ക്രൗഡര്‍(ബ്രസീല്‍ ആയോധനകല-കപൂഎയ്റാ), വു ജിങ്(ചൈന ആയോധനകല-വുഷു) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

Related posts