ദാമൻ കടൽത്തീരത്ത് ശക്തമായ തിരമാലകളിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങിയ ഏഴ് വയസുകാരിയെ സ്വന്തം ജീവൻ പണയം വെച്ച് ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഗുജറാത്തിലെ വൽസാദ് ജില്ലയിലുള്ള വാപി സ്വദേശിയായ പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കുടുംബത്തോടൊപ്പം ദാമൻ ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു കുട്ടി.
കടലിൽ ഇറങ്ങി നീന്തുന്നതിനിടെ അപ്രതീക്ഷിതമായി ഉയർന്ന ശക്തമായ തിരമാലകൾ കുട്ടിയെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുജൽ മംഗേല എന്ന ലൈഫ് ഗാർഡാണ് കുട്ടി പ്രക്ഷുബ്ധമായ കടലിൽ ശ്വാസമെടുക്കാൻ പാടുപെടുന്നത് ശ്രദ്ധിച്ചത്.
സമയം ഒട്ടും കളയാതെ ഇയാൾ ആഞ്ഞടിക്കുന്ന തിരമാലകളെ അവഗണിച്ച് കടലിലേക്ക് ചാടുകയും കുട്ടിയുടെ അടുത്തേക്ക് നീന്തിച്ചെന്ന് അതിസാഹസികമായി കരയിലെത്തിക്കുകയുമായിരുന്നു.
മോശം കാലാവസ്ഥയിലും ശക്തമായ തിരമാലകളുള്ള സമയത്തും കടലിൽ ഇറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികളെ കടൽത്തീരങ്ങളിൽ തനിച്ചുവിടരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
