ബ്രസീലിൽ തെരക്കേറിയ റോഡിൽ വെച്ച് യുവതിയുടെ കാറിന്റെ ചില്ല് തകർത്ത് ഡാഷ്ബോർഡിൽ ഇരുന്ന മൊബൈൽ ഫോൺ മോഷ്ടാക്കൾ കവർന്നു. തബാറ്റ ലെങ്ക് എന്ന പ്രാദേശിക കണ്ടന്റ് ക്രിയേറ്റർക്കാണ് ഈ ദുരനുഭവമുണ്ടായത്. അക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാറിലെ ഡാഷ്ക്യാമിൽ പതിഞ്ഞു.
അവെനിഡ ടാൻക്രേഡോ നെവസ് തെരുവിൽ വാഹനം ഓടിച്ചുപോകവേയായിരുന്നു ആക്രമണം. രണ്ട് യുവാക്കൾ ചേർന്ന് നിമിഷനേരം കൊണ്ട് കാറിന്റെ ഗ്ലാസ് തകർത്ത് ഫോണുമായി കടന്നുകളയുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മോഷ്ടാക്കൾ പണം ട്രാൻസ്ഫർ ചെയ്തതായി തബാറ്റ വെളിപ്പെടുത്തി. ഫേഷ്യൽ റെക്കഗ്നിഷൻ, പാസ്വേഡ്, ബാങ്ക് പിൻ എന്നിവയൊന്നും അറിയാതെ മോഷ്ടാക്കൾ അക്കൗണ്ടിൽ പ്രവേശിച്ച് എങ്ങനെ പണം തട്ടിയെന്ന കാര്യത്തിൽ യുവതിയും പോലീസും അത്ഭുതം കൂറുകയാണ്.
സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകുകയും ബാങ്ക് അക്കൗണ്ടുകളും ഫോണും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ബ്രസീലിലെ നിരത്തുകളിൽ വർദ്ധിച്ചുവരുന്ന ഫോൺ മോഷണവും ഡിജിറ്റൽ ബാങ്കിംഗ് സുരക്ഷയിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.
