കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 900 കടന്നു. 4000 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒൻപത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.
