ഹൈദരാബാദ്: സാധാരണക്കാരും മധ്യവർഗ്ഗക്കാരുമായ ഏതൊരു ഉദ്യോഗാർഥിയുടെയും സ്വപ്നനിമിഷം പങ്കുവെച്ച് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഹൈദരാബാദിലെ മൈക്രോസോഫ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന കൃതിക മിശ്ര എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ ആദ്യമായി ഓഫീസ് സന്ദർശിച്ചതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഓഫീസിലെ ഇടനാഴികളിലൂടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നതും, അവർക്കൊപ്പം കാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം അടങ്ങുന്നതാണ് വീഡിയോ. “മാതാപിതാക്കളുടെ ആദ്യ ഓഫീസ് സന്ദർശനം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ജീവിതത്തിൽ താൻ നൽകുന്ന ഏറ്റവും അഭിമാനകരമായ ഓഫീസ് ടൂർ ഇതായിരിക്കുമെന്ന് കൃതിക കുറിച്ചു. ഓഫീസിലെ സൗകര്യങ്ങൾ കാണിക്കുന്നതിനേക്കാൾ, മാതാപിതാക്കളുടെ മുഖത്തെ സന്തോഷവും അഭിമാനവും കാണുന്നതായിരുന്നു ഏറ്റവും വലിയ ഭാഗ്യമെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ ആ പുഞ്ചിരി തന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണെന്നും, മധ്യവർഗ കുടുംബങ്ങളിലെ ഏതൊരു മകന്റെയും മകളുടെയും സ്വപ്നമാണിതെന്നും കൃതിക കുറിച്ചു. മറ്റാരും വിശ്വസിക്കുന്നതിന് മുൻപ് നമ്മളെ വിശ്വസിച്ച മാതാപിതാക്കൾക്ക് മുന്നിൽ ഒരുനാൾ വിജയിച്ചു നിൽക്കാൻ സാധിക്കുമെന്നും കൃതിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ വിജയമെന്നും, ഏതൊരാളെയും പ്രചോദിപ്പിക്കുന്ന കാഴ്ചയാണിതെന്നും നിരവധി പേർ കമന്റ് ചെയ്തു. അങ്ങേയറ്റം സന്തോഷം നൽകുന്ന നിമിഷമെന്നാണ് ഭൂരിഭാഗം പേരും വീഡിയോയെ വിശേഷിപ്പിച്ചത്.
