രാജ്യതലസ്ഥാനത്തെ കുതിച്ചുയരുന്ന ഭവന നിർമാണ ചെലവുകളെയും പ്രോപ്പർട്ടി വിലകളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഒരു ഡൽഹി സ്വദേശിയുടെ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പങ്കാളിയുടേത് ഉൾപ്പെടെ മാസം രണ്ട് ലക്ഷം രൂപ സംയുക്ത വരുമാനമുണ്ടായിട്ടും, നഗരത്തിൽ ഒരു സാധാരണ 2 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങുക എന്നത് തങ്ങൾക്ക് അപ്രാപ്യമാണെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു.
ഡൽഹിയിലെ ദ്വാരക, പിതാംപുര തുടങ്ങിയ സുരക്ഷിതവും യാത്രാസൗകര്യങ്ങളുള്ളതുമായ പ്രദേശങ്ങളിൽ അന്വേഷിച്ചപ്പോൾ 2 കോടി മുതൽ 2.5 കോടി രൂപ വരെയാണ് ഫ്ലാറ്റുകൾക്ക് വിലയായി ആവശ്യപ്പെടുന്നത്. “മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയോ പൂർവ്വിക സ്വത്തോ ഇല്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ വിലയൊന്നും ഞങ്ങൾക്ക് ലഭിക്കുന്ന ഹോം ലോൺ പരിധിയിൽ ഒതുങ്ങില്ല. ഇനി ഞങ്ങൾ എന്ത് ചെയ്യണം? എവിടെയാണ് വീട് വാങ്ങാൻ സാധിക്കുക എന്ന് ആർക്കെങ്കിലും നിർദ്ദേശിക്കാമോ? യുവാവ് കുറിച്ചു.
സ്ഥിരവരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് പ്രൊഫഷണലുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. സാധാരണ അപ്പാർട്ട്മെന്റുകളെപോലും ബിൽഡർമാർ “അൾട്രാ ലക്ഷ്വറി” പ്രോജക്ടുകളായി ചിത്രീകരിച്ച് വില കൂട്ടുകയാണെന്ന് പലരും കുറ്റപ്പെടുത്തി. ശമ്പള വർധനവിനേക്കാൾ വേഗത്തിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലക്കയറ്റം ഉണ്ടാകുന്നത്. മാസം തോറും വലിയ തുക ലോൺ അടവ് നൽകുന്നതിനേക്കാൾ ലാഭം അതേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
