ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. ഡല്‍ഹിയിലെ കല്‍കാജി എക്സ്റ്റന്ഷനിലുള്ള ആശാ കിരണ്‍ അപാര്‍ട്ട്മെന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്.
വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി, രാത്രി ഉണര്‍ന്നതോടെ അമ്മയെ കാണാതായതോടെ ബാല്‍ക്കണിയിലേക്ക് പോയി. കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബാല്‍ക്കണിയിലെ സംരക്ഷണവേലിയില്‍ ചാരി താഴേക്ക് നോക്കുന്നതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
