ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ ആഗോള ടെക് മേഖലയിലുണ്ടായ വലിയ മാറ്റങ്ങളും തൊഴിൽ വിപണിയിലെ മന്ദഗതിയും വ്യക്തമാക്കുന്ന ഒരു യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നു. വിദേശത്ത് ഉപരിപഠനത്തിനായി 2023ൽ ഇന്ത്യയിലെ 25 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള സുരക്ഷിതമായ ജോലി ഉപേക്ഷിച്ച ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് താൻ ചെന്നുപെട്ട പ്രതിസന്ധി വിവരിച്ചിരിക്കുന്നത്. മികച്ച ഗ്രേഡോടെ പഠനം പൂർത്തിയാക്കിയിട്ടും വിദേശത്തോ നാട്ടിലോ അനുയോജ്യമായ ജോലി കണ്ടെത്താനാകാതെ കടുത്ത ആശങ്കയിലാണ് ഈ യുവാവ്.
തന്റെ സ്വന്തം തീരുമാനത്തിലൂടെ താൻ തന്നെയാണ് തന്റെ കാല് വാരിയത് എന്നാണ് മൂന്ന് വർഷത്തെ ഫുൾ-സ്റ്റാക്ക് ഡെവലപ്മെന്റ് പ്രവൃത്തിപരിചയമുള്ള ഈ ടെക്കി റെഡ്ഡിറ്റിൽ കുറിച്ചത്.
2023ൽ പ്രതിവർഷം 25 ലക്ഷത്തിനടുത്ത് ശമ്പളമുള്ള സുഖകരമായ ഒരു ജോലിയിലായിരുന്നു ഞാൻ. അത് ഉപേക്ഷിച്ചാണ് രണ്ടു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തിനായി വിദേശത്തേക്ക് പോയത്. അവിടെ നല്ല ഗ്രേഡും ഇന്റേൺഷിപ്പും ഉണ്ടായിരുന്നിട്ടും ഒരു ജോലി കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല,” യുവാവ് എഴുതി.
തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി ജോലി അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് വിപണിയിലെ കടുത്ത യാഥാർഥ്യം ബോധ്യപ്പെട്ടതെന്ന് ഇയാൾ പറയുന്നു. നൂറുകണക്കിന് അപേക്ഷകൾ അയച്ചിട്ടും ശക്തമായ റെഫറലുകൾ വഴി വെറും 2-3 കമ്പനികളിൽ നിന്ന് മാത്രമാണ് വിളി വന്നത്. 2022-23 കാലഘട്ടത്തിൽ വൻ തുക ശമ്പളം നൽകിയിരുന്ന ഈ കമ്പനികൾ ഇപ്പോൾ 25 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ തയ്യാറാകുന്നില്ല.
ഈ പോസ്റ്റ് വൈറലായതോടെ, നിലവിലെ വിപണി സാഹചര്യം വളരെ മോശമാണെന്നും അതിനാൽ ലഭിക്കുന്ന ഏത് നല്ല ഓഫറും സ്വീകരിച്ച് മുന്നോട്ട് പോകുന്നതാണ് ബുദ്ധിയെന്നും നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
