റായ്പുർ: അയോധ്യയിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു നിയോഗിച്ചിരുന്ന ജീവനക്കാരെ മാറ്റണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നുമാസം മുന്‍പ് നിർദേശിച്ചിരുന്നതായി കോൺഗ്രസ്.
പണം തിരിമറി പുറത്തുവന്നശേഷവും പ്രതികളെ ആരാണ് സംരക്ഷിച്ചതെന്നും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചോദിച്ചു. എട്ടുപേരുടെ അറസ്റ്റിൽ കലാശിച്ച ഇപ്പോഴത്തെ സംഭവം തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വലിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
അയോധ്യക്കൊള്ളയിൽ ആർഎസ്എസിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരേ ബുൾഡോസറുകൾ നടപടി ഉണ്ടാകുമോയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. അതിനിടെ വിവരശേഖരണത്തിനായി കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് അയോധ്യ സന്ദർശിക്കും.
സംസ്ഥാന അധ്യക്ഷൻ അജയ് റായി, എംപിമാരായ കിഷോരി ലാൽ ശർമ, രാകേഷ് രാത്തോർ, ഉജ്വൽ രാമൻ സിംഗ്, തഞ്ജു പുനിയ എന്നിവരാണ് സംഘത്തിലുള്ളത്. മുതിർന്ന നേതാക്കളായ എസ്.പി. ഗൗതം, ദീപക് സിംഗ്, വീരേന്ദ്ര ചൗധരി, മിത ഗൗതം എന്നിവരും പ്രതിനിധിസംഘത്തിലുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
രാമക്ഷേത്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെയും വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്. ഏതെങ്കിലും അഭിഭാഷകർ വക്കാലത്ത് ഏറ്റെടുത്താൽ അഞ്ചുലക്ഷം രൂപ പിഴ ഈടാക്കാനും ബാർ അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം പാസാക്കിയ പ്രമേയത്തിൽ നിർദേശമുണ്ട്.
