ജാതകത്തിലെ പ്രവചനത്തെ തുടർന്ന് 28 വയസുള്ള ഐടി എഞ്ചിനീയറെ വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്നും വിലക്കി കുടുംബം. ‘റോഡപകടത്തിലൂടെ ഇയാൾ മറ്റൊരാളുടെ മരണത്തിന് കാരണമാകും’ എന്ന ജാതക പ്രവചനത്തെ തുടർന്നാണ് ഈ വിലക്ക്. പ്രരേഷ് ലഖാനി എന്ന വ്യവസായി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ സംഭവം ഇതിനോടകം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഈ യുവാവിനെ കാറോ ബൈക്കോ ഓടിക്കാൻ പഠിക്കാൻ പോലും കുടുംബം സമ്മതിച്ചിട്ടില്ല. നിയന്ത്രണങ്ങൾ അവിടെയും തീരുന്നില്ല, ചെറുപ്പത്തിൽ ഒരു സൈക്കിൾ ചവിട്ടാൻ പോലും ഇയാളെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു.
ഇപ്പോഴും യുവാവിന്റെ പിതാവാണ് ദിവസവും ഇയാളെ ഓഫീസിൽ കൊണ്ടുവിടുന്നത്. യുവാവ് ഒരു കാരണവശാലും സ്റ്റിയറിംഗിന് പിന്നിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. സംഭവത്തെക്കുറിച്ച് ലഖാനി പോസ്റ്റിന്റെ അവസാനം ഒരു തമാശയും പങ്കുവെച്ചു: “ഒരു ഐടി ജീവനക്കാരന്റെ കരിയറിന് നിലവിൽ ഏറ്റവും വലിയ ഭീഷണിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഇയാളുടെ ജാതകത്തിൽ എന്താണ് പറയുന്നതെന്ന് ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ദൈനംദിന ജീവിതത്തിൽ ജ്യോതിഷത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. ഒരു മുതിർന്ന വ്യക്തിക്ക് സ്വന്തമായി ജീവിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ കഴിവുകൾ പോലും ജാതകത്തിന്റെ പേരിൽ നിഷേധിക്കുന്നത് അമിതമാണെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പലരും വിമർശിച്ചു.
