വിവാഹത്തിനു സമ്മാനങ്ങൾ നൽകുന്ന ചടങ്ങ് എല്ലാ നാട്ടിലുമുണ്ട്. ഓരോരുത്തരും അവരവർക്ക് താങ്ങാവുന്ന നിലിലാകും ഗിഫ്റ്റ് ആയി കൊടുക്കുന്നത്. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന ഒരു വിവാഹ ഘോഷയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നഗ്ല ഫൊണ്ട ഗ്രാമത്തിൽ പ്രശാന്ത്, കനഹ രാഘവ് എന്നീ സഹോദരങ്ങളുടെയും വിവാഹം ഒരേ ദിവസമായിരുന്നു. അന്നേ ദിവസം ഇരുവരുടേയും സഹോദരി ഭർത്താവ് നൽകിയ വിവാഹ സമ്മാനമാണ് സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്.
രണ്ട് വരന്മാർക്കും സമ്മാനമായി ലഭിച്ചത് ഓരോന്നിനും ഒരു കോടി രൂപ വിലമതിക്കുന്ന കൂറ്റൻ കറൻസി നോട്ടുമാലകളാണ്. വരന്മാരുടെ ‘ഘുർചഢി’ ചടങ്ങിനിടെയാണ് അളിയൻ നോട്ട്മാല നൽകിയത്. രാജസ്ഥാനിലെ കാമ മേഖലയിലെ നന്ദോല ഗ്രാമവാസിയും സർപഞ്ചുമായ യോഗേഷ് കുമാർ എന്ന ഭൂര ഠാക്കൂറാണ് ഇരുവർക്കും ഈ ആഡംബര സമ്മാനം നൽകിയത്.
500 രൂപയുടെ നോട്ടുകൾകൊണ്ട് നിർമിച്ച മാലകൾക്ക് ഏകദേശം 100 അടി നീളമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും വലിയ മാലകൾ ഉയർത്താനും കൈകാര്യം ചെയ്യാനും നിരവധി ആളുകളുടെ സഹായം വേണ്ടിവന്നു. മാലകൾ വരന്മാർക്ക് അണിയിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയതോടെ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹാഘോഷത്തിലെ ഈ കോടികളുടെ നോട്ടുമാല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
