വിരുഷ്‌ക പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഇരുകൂട്ടരും എന്തൊക്കെയാവും സംസാരിച്ചിട്ടുണ്ടാവുക? രാജ്യദ്രോഹികളോടൊപ്പം ഫോട്ടോയെടുക്കുന്നതില്‍ മോദിയ്ക്ക് ബുദ്ധിമുട്ടില്ലേ; സോഷ്യല്‍മീഡിയയുടെ ഭാവനയില്‍ വിരിഞ്ഞ രസകരമായ ചിന്തകള്‍

താര ദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇറ്റലിയില്‍ വച്ചുള്ള ഇവരുടെ ആഡംബര വിവാഹവും പിന്നീടുണ്ടായ വിവാദങ്ങളുമെല്ലാമാണ് അതിന് കാരണം. വിവാഹശേഷം ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത. സ്വന്തം നാട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്താനിരിക്കുന്ന ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതായിരുന്നു ഇരുവരും.

വിരുഷ്‌ക ജോഡി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡയവഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രോളുകളുമായി സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ സജീവമായത്. ഇന്ത്യ വിട്ട് വിദേശത്ത് വച്ച് വിവാഹം നടത്തിയതിനാല്‍ വിരാടും അനുഷ്‌കയും രാജ്യ ദ്രോഹികളാണെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മിക്കതും.

അതേസമയം വിദേശയാത്രകള്‍ സ്ഥിരമാക്കിയ മോദിയുമായുള്ള വിരാടിന്റേയും അനുഷ്‌കയുടേയും സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവന ഉപയോഗിച്ച് ഊഹിച്ചെടുക്കുന്നുണ്ട്. വിവാഹം നടന്ന സ്ഥലത്തെക്കുറിച്ചാവും മോദി വിരുഷ്‌കയോട് ചോദിച്ചിട്ടുണ്ടാവുകയെന്നും മോദിയുടെ അടുത്ത ട്രിപ്പ് അങ്ങോട്ടേയ്ക്കാവുമെന്നും അതായിരിക്കില്ല, ഹണിമൂണിന് പോവാന്‍ ലോകത്തെ മികച്ച സ്ഥലങ്ങളേതൊക്കെയാണെന്ന് മോദിയോട് അഭിപ്രായം ചോദിക്കാനായിരിക്കും ഇരുവരും എത്തിയതെന്നും തുടങ്ങി നിരവധി ട്രോളുകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മോദിയുടെ സൗന്ദര്യവര്‍ദ്ധനത്തിനായി ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക കൂണാണ് കവറിനുള്ളില്‍ വിരുഷ്‌ക സമ്മാനിക്കുന്നതെന്നാണ് ഒരു മഹാന്റെ കണ്ടുപിടുത്തം. ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക-കോഹ്ലി വിവാഹം. അനുഷ്‌കയുടെയും കോഹ്ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

Related posts