ആലപ്പുഴ: വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ദേശാടനപക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വിഭാഗത്തിലെ വൈറസ് കൊതുകിലൂടെ മനുഷ്യരിലേക്ക് പ്രവേശിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
വയോജനങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പനി, ക്ഷീണം മനംപിരട്ടൽ, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ലെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്, മസ്തിഷ്കജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ല.
കെട്ടിനിൽക്കുന്ന മലിനമായ വെള്ളത്തിലും ഒഴുക്കില്ലാത്ത വെള്ളത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ. വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
