മദാമ്മമാരെ മലര്‍ത്തിയടിച്ച് മലയാളി യുവതി മിസ് ഇംഗ്ലണ്ടാവുമോ ? മിസ് ലീഡ്‌സ് കിരീടം നേടിയ ഗിഫ്റ്റി ഫിലിപ്പിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലണ്ടിലെ സൗന്ദര്യറാണിപ്പട്ടം

gifty600ലണ്ടന്‍: മൂന്നു വര്‍ഷം മുമ്പ് ഇതുപോലൊരു മെയ്മാസത്തിലെ ഞായറാഴ്ചയായിരുന്നു അതു സംഭവിച്ചത്. ബ്രിട്ടനിലെ ഏറ്റവും പ്രൗഢ ഗംഭീരമായ വേദികളില്‍ ഒന്നായ ഫെയര്‍ഫീല്‍ഡ് ഹാളിലെ വേദിയിലേക്ക് ത്രസിക്കുന്ന മനസ്സോടെ ഒരു സംഘം മലയാളി പെണ്‍കുട്ടികള്‍ ചുവടുവച്ചത്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ഭാഗമായ മൂന്നാം എഡിഷന്‍ മിസ് കേരള സൗന്ദര്യ മത്സരമായിരുന്നു അത്. ഒപ്പത്തിനൊപ്പം മത്സരിച്ച പത്തു പെണ്‍കുട്ടികളില്‍ ഏറെ ആശയോടെ, തന്റെ ഭാവി ജീവിതത്തില്‍ ഫാഷന്‍ രംഗത്തിനു കൂടി അല്‍പ്പം ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എത്തിയ ഒരു പെണ്‍കുട്ടി ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഇടം പിടിക്കാതെ മിസ് ഫോട്ടോജെനിക് കിരീടം മാത്രം നേടി അന്നു പിന്‍വാങ്ങി.അവളുടെ പേര് അന്നവിടെ പലരും ശ്രദ്ധിച്ചിരിക്കണം. തീര്‍ച്ചയായും അവളുടെ കണ്‍കോണുകളില്‍ ചെറിയൊരു നീര്‍ത്തുള്ളി ഉരുണ്ടു കൂടിയിരിക്കാം. പക്ഷെ മനസ്സില്‍ നിറഞ്ഞതു മൊത്തം വാശിയായിരിക്കണം. തോറ്റു പിന്മാറാന്‍ ഒരുക്കമല്ല എന്ന വാശി.

ആ വാശിക്കു പിന്നാലെ സഞ്ചരിക്കുമ്പോഴും പഠനത്തില്‍ ശ്രദ്ധ കുറഞ്ഞില്ല. നേരിട്ട് എഞ്ചിനീയറിഗില്‍ നാനോ ടെക്‌നോളജിക്ക് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു സെലക്ഷന്‍ കിട്ടിയപ്പോള്‍ അഭിനന്ദനവും ആയി എത്തിയവരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും ഫാഷന്‍ വേദികളില്‍ പലവട്ടം എത്തിയിട്ടുള്ള, കഴിഞ്ഞ ദിവസം മിസ് ലീഡ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി പെണ്‍കുട്ടി ഒരാഴ്ചക്കകം മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനല്‍ വേദിയില്‍ എത്തുകയാണ്.പക്ഷെ അവിടെ അവള്‍ക്കു മുന്നേറാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ചെറിയൊരു സഹായം കൂടി ആവശ്യമുണ്ട്, സൗന്ദര്യത്തിനു ഒപ്പം പോപ്പുലാരിറ്റി കൂടി നിശ്ചയിച്ചു, സൗന്ദര്യത്തെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി സഹായകമാകുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാന്‍ ജനകീയ വോട്ടു കൂടി അത്യാവശ്യമാണ്.

അതിനാല്‍ തന്നെ മിസ് ഇംഗ്ലണ്ട് സെമിയില്‍ വിജയിക്കാന്‍ ബ്രിട്ടീഷ് മലയാളിയുടെ മുഴുവന്‍ വായനക്കാരും മിസ് സെമിഫൈനല്‍ 23 എന്ന് ടൈപ്പ് ചെയ്തു 63333 എന്ന നമ്പറിലേക്ക് നിങ്ങളുടെ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി.ഒരു മെസേജിനു 50 പെന്‍സ് ചെലവ് വരുമെങ്കിലും അതിലൂടെ മലയാളത്തിന്റെ സൗന്ദര്യം കൂടിയാണ് ലോകത്തിന്റെ നെറുകയില്‍ എത്തുക. കാരണം ഇതാദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി മിസ് ഇംഗ്ലണ്ട് കിരീടം തേടി സെമി ഫൈനല്‍ ഘട്ടം വരെ എത്തുന്നത്. അതിനാല്‍, അവളുടെ വിജയം ഓരോ ബ്രിട്ടീഷ് മലയാളിയുടേതും കൂടിയാവുകയാണ്.
cover_2_1
വാര്‍ഷിക പരീക്ഷ വരുന്നതിനാല്‍ കാര്യമായ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ഗിഫ്റ്റി മത്സരത്തിനിറങ്ങുന്നത്. സൗന്ദര്യ മത്സരം എന്ന കാരണം പറഞ്ഞു പരീക്ഷയില്‍ ഉഴപ്പാന്‍ ഇല്ലെന്നു ഗിഫ്റ്റി മനസ് തുറക്കുമ്പോള്‍ ഈ പെണ്‍കുട്ടിയോടുള്ള ആദരവ് കൂടുകയേ ഉള്ളൂ. ഒരു പക്ഷെ മുഴുവന്‍ മലയാളി പെണ്‍കുട്ടികള്‍ക്കും മാതൃക ആക്കാവുന്ന നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉടമ.  മിന്നുന്ന യുവത്വത്തിന്റെ പ്രതീകമായി വേദിയില്‍ എത്തിയ 19 പെണ്‍കൊടികള്‍ ഗിഫ്റ്റിക്കു മുന്നില്‍ തോറ്റു പിന്മാറിയപ്പോഴാണ് മിസ് ലീഡ്‌സ് കിരീടം മലയാളി പെണ്‍കുട്ടിയുടെ ശിരസ്സില്‍ എത്തിയത് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്.ആത്മ വിശ്വാസത്തിനു മുന്നില്‍ മറ്റെന്തും കീഴടങ്ങും എന്ന വിശ്വാസം തന്നെയാണ് സെമി ഫൈനലിലേക്ക് ചുവടു വയ്ക്കുമ്പോഴും ഗിഫ്റ്റിയുടെ കരുത്ത്. കൂട്ടത്തില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ നിറഞ്ഞ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ ഉണ്ടെങ്കില്‍ ചരിത്രം ഈ പെണ്‍കുട്ടിക്ക് മുന്നില്‍ വഴി മാറും എന്നുറപ്പിക്കാം. പോരാത്തതിന്, അല്‍പ്പം പാശ്ചാത്യ ഭാവം കൂടി ഗിഫ്റ്റിയുടെ മുഖത്ത് നിഴലിക്കുന്നതിനാല്‍ ജഡ്ജസിനു പോലും അപരിചത്വതം ഫീല്‍ ചെയ്യുകയുമില്ല. ഇങ്ങനെ ഗിഫ്റ്റിക്ക് അനുകൂല ഘടകങ്ങള്‍ ഏറെയാണ്.
cover_3_1
പ്രധാനമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു കൂടി അവസരം സൃഷ്ടിക്കുന്നു എന്നതാണ് മിസ് ഇംഗ്ലണ്ട് സൗന്ദര്യ വേദിയിലേക്ക് ചുവടു വയ്ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ഗിഫ്റ്റി മനസ് തുറക്കുന്നു. അടുത്ത മാസം നാലിന് ന്യുവര്‍ക്കിലെ കെല്‍ഹാം ഹാളില്‍ നടക്കുന്ന മത്സരത്തിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൗന്ദര്യ റാണിമാര്‍ എത്തുമ്പോള്‍ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ മലയാളി പെണ്‍കുട്ടിക്ക് കണ്ണേറ് തട്ടരുതേ എന്നാണ് ഇപ്പോള്‍ കൂട്ടുകാരികളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകള്‍. സൗന്ദര്യ മത്സര വേദികളെ കുറിച്ച് സാധാരണ ജനത്തിനുള്ള കാഴ്ചപ്പാട് മാറാനും ഈ വിജയം സ്വന്തമാക്കിയാല്‍ തനിക്കു കഴിയുമെന്നും ഗിഫ്റ്റി വിശ്വസിക്കുന്നു. റാമ്പിലെ ശരീര പ്രദര്‍ശനമല്ല യഥാര്‍ത്ഥ സൗന്ദര്യ മത്സരം എന്ന് തെളിയിക്കുകയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള ഔദ്യോഗിക മത്സരങ്ങള്‍. മുന്‍പ് ഫേസ് ഓഫ് യൂറോപ്പ് മത്സരത്തില്‍ വിജയിയായ ലണ്ടനിലെ ആരതി മേനോന്‍ എന്ന മലയാളി പെണ്‍കുട്ടിയും അനവധി അന്താരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മാറിയിരുന്നു. ഇതേ വിധത്തില്‍ തനിക്കും മിസ് ഇംഗ്ലണ്ട് കിരീടം നേടാനായല്‍ സമൂഹത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയും എന്നാണ് പൊതു വിഷയങ്ങളില്‍ ഉറച്ച നിലപാടുള്ള, ധീരമായ മനസ്സിന് ഉടമ ആയ ഗിഫ്റ്റി കരുതുന്നത്.

മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തിലുള്ള യുവതികള്‍ അല്ല ഇത്തരം മത്സരങ്ങളില്‍ സാധാരണയായി വിജയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വ്യക്തിത്വത്തിന് പ്രഥമ പരിഗണന നല്‍കുന്ന മത്സരത്തില്‍ ഒരു വാക്കും എന്തിന് ഒരു നോട്ടം പോലും മത്സരത്തിന്റെ ഗതി നിര്‍ണയിക്കും. ഓരോ മനുഷ്യരും ഓരോ ദിവസവും ഓരോ മാനസികനിലയില്‍ ആയിരിക്കും എന്നതിനാല്‍ ഇത്തരം മത്സര വേദികളില്‍ വിജയ പരാജയങ്ങള്‍ ആര്‍ക്കും മുന്‍കൂട്ടി പറയാവുന്നതും അല്ല. പക്ഷെ ഗിഫ്റ്റി വിജയം കണ്ടാല്‍, മലയാളി സമൂഹത്തിന്റെ കൂടി വിജയമായി അത് മാറുകയാണ്. കാരണം, ബ്രിട്ടനിലെ മലയാളികള്‍ നെഞ്ചേറ്റിയ ബ്രിട്ടീഷ് മലയാളിയുടെ സൗന്ദര്യ മത്സര വേദിയില്‍ ചുവടു വച്ചാണ് ഗിഫ്റ്റി ആത്മവിശ്വാസം വളര്‍ത്തിയത് എന്നത് തന്നെ ഇതില്‍ പ്രധാനം.
1
മിസ് ഇംഗ്ലണ്ടിലെ പ്രധാന സ്ലോഗന്‍ തന്നെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് എന്നാണ്. സമൂഹത്തില്‍ ഏറ്റവും താഴ്ക്കിടയില്‍ ഉള്ളവരിലേക്കു ഇറങ്ങി ചെല്ലാനും അവരെ സ്വയം ശക്തിപ്പെടുത്താനും ഒക്കെ ഈ മത്സര വേദി വഴി സാധ്യമാകുന്നു എന്നതും പ്രധാനമാണ്. മത്സരം വഴി ലഭിക്കുന്ന ആയിരക്കണക്കിന് ഡോളര്‍ സംഭാവന രോഗികളുടെയും അശരണരുടെയും ഉന്നതിക്കായി പ്രയോജപ്പെടുത്തുന്നു എന്നതിനാല്‍ ഉയര്‍ത്തി പിടിച്ച ശിരസ്സുമായി തന്നെയാകും വേദിയില്‍ എത്തുക എന്ന് ഗിഫ്റ്റി പറയുമ്പോള്‍ അതില്‍ മലയാളി പെണ്ണിന്റെ കരുത്തു കൂടിയാണ് തെളിയുന്നത്.

Related posts