ഗായകര്‍ വെറും പണിക്കാരാണെന്ന് വിചാരിക്കരുത്! സാധിക്കുന്നില്ലെങ്കില്‍ സംവിധായകര്‍ തന്നെ പാട്ടു പാടി പ്രശസ്തമാക്കട്ടെ; ഇളയരാജയ്‌ക്കെതിരെ ആഞ്ഞടിച്ച് യേശുദാസ്

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുള്ള വിഷയമാണ് ഗാനങ്ങളുടെ റോയല്‍റ്റി സംബന്ധിച്ചുള്ളത്. ഗായകരും ഗാന സംവിധായകരും തമ്മില്‍ പ്രസ്തുത വിഷയത്തില്‍ വലിയ രീതിയിലുള്ള വാക്കു തര്‍ക്കങ്ങളും പല കാലത്തും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ഗാനങ്ങള്‍ക്ക് റോയല്‍റ്റി ആവശ്യപ്പെട്ട വിഷയത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കെതിരെ ഗായകന്‍ യേശുദാസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് ഇളയരാജയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഒരു ഗാനം ഒരുകൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാവുന്നതാണെന്നും പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍റ്റി ലഭിക്കുക എന്നും യേശുദാസ് ചോദിച്ചു. ഒരു ഗാനം പ്രശസ്തമാവുന്നത് ഗായകന്റെ കഴിവുകൊണ്ട് കൂടിയാണ്. ഗായകനില്ലാതെ ഗാനത്തിന് ഒരു തരത്തിലുള്ള അംഗീകാരവും ലഭിക്കില്ല. പിന്നെന്തുകൊണ്ടാണ് ഗായകരെ വെറും തൊഴിലാളികള്‍ മാത്രമായി പരിഗണിക്കുന്നത്.

അങ്ങനെ കരുതുകയാണെങ്കില്‍ സംവിധായകര്‍ തന്നെ ഗാനം ആലപിക്കട്ടെ. യുകെയിലും മറ്റും എഴുത്തുകാരനും കംപോസറും ഗായകനുമെല്ലാം ഒരാളാണ്. മറിച്ച് ഒരു ഗാനത്തിന് എഴുത്തുകാരനും കംപോസറും ഉപകരണവാദ്യക്കാരും ഗായകനും എല്ലാം ഉണ്ടെന്നിരിക്കേ, ഒരാള്‍ക്ക് മാത്രം പാട്ടിന്റെ റോയല്‍റ്റി ലഭിക്കണമെന്ന് എങ്ങനെ പറയാനാവുമെന്നും യേശുദാസ് ചോദിച്ചു.

Related posts