ഹൃദയസ്പര്‍ശിയായ സമ്മാനം! 100 സബ്സ്ക്രൈബേഴ്സിനെ നേടിയ കൊച്ച് യൂട്യൂബര്‍ക്ക് മരപ്പലകയിലൊരു പ്ലേ ബട്ടണ്‍ സമ്മാനിച്ച് കൂട്ടുകാരന്‍

യൂട്യൂബില്‍ വീഡിയോകള്‍ അവതരപ്പിച്ച് പ്രശസ്തരായ ധാരാളം പേര്‍ നിലവില്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെയൊക്കെ സമൂഹ മാധ്യമങ്ങളില്‍ ഒരുപാടുപേര്‍ പിന്തുടരുന്നുമുണ്ട്.

അത്തരത്തില്‍ ഒരാളുടെ യൂട്യൂബ് ചാനലിനെ ഒരു ലക്ഷത്തിലധികം ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിയുമ്പോള്‍ അവര്‍ക്ക് യൂട്യൂബ് ഒരു ഫലകം നല്‍കാറുണ്ട്. പ്ലേ ബട്ടണ്‍ എന്നാണതിന് പറയാറുള്ളത്.

ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബര്‍ക്ക് സില്‍വര്‍ ബട്ടണും ഒരു മില്ല്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ളയാള്‍ക്ക് ഗോള്‍ഡന്‍ ബട്ടണുമാണ് സാധാരണയായി അവര്‍ നല്‍കാറുള്ളത്.

ഇപ്പോളിതാ 100 സബ്സ്ക്രൈബേഴ്സിനെ തികച്ച തന്‍റെ കൂട്ടുകാരന് പലകയില്‍ “മരം പ്ലേ ബട്ടണ്‍’ ഒരുക്കി നല്‍കി വൈറലായിരിക്കുകയാണ് ഒരു കുട്ടി.

മാറ്റ് കോവല്‍ എന്നായാളാണ് ഈ സംഭവം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മാറ്റ് കോവലിന്‍റെ മകനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു.

ആ ചാനലിനെ 100 പേര്‍ പിന്തുടര്‍ന്നപ്പോഴാണ് മകന്‍റെ സുഹൃത്ത് സ്വന്തം കൈകൊണ്ട് നിര്‍മിച്ച പലക പ്ലേ ബട്ടണ്‍ സമ്മാനമായി നല്‍കിയത്.

പിങ്ക് നിറത്തില്‍ ചായം പൂശിയ ഒരു തടി ബോര്‍ഡില്‍ ഒരു യൂട്യൂബ് ബട്ടണിന്‍റെ രേഖാചിത്രം വരച്ചുവച്ചിരിക്കുകയാണ് ഈ സുഹൃത്ത്. അതിലായി “100 വരിക്കാരെ കടന്നുപോകുന്നതിന്…’ എന്ന് എഴുതിവച്ചിട്ടുമുണ്ട്.

ഏതായാലും കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കാന്‍ ഈ കുട്ടി ഒരുക്കിയ ഹൃദയസ്പര്‍ശിയായ സമ്മാനം സമൂഹ മാധ്യമങ്ങള്‍ക്കും നന്നേ ബോധിച്ചു.

ഇതിനോടകം 5797 തവണ റീട്വീറ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റിന് എഴുപത്തയ്യായിരത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

നിരവധി കമന്‍റുകളും ഈ വൈറല്‍ പോസ്റ്റിന് ലഭിച്ചു. “ഇത് ഡയമണ്ട് പ്ലേ ബട്ടണേക്കാള്‍ വിലപ്പെട്ടത്’ എന്നാണ് ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.

Related posts

Leave a Comment