യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; പോലീസ് ഗ്രനേഡിൽ പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചതോടെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ഗ്രനേഡ് എറിഞ്ഞു. ഇതിനിടെയാണ് ചില പ്രവർത്തകർക്ക് പരിക്കേറ്റത്.

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

Related posts