സെലീന വധക്കേസില്‍ ട്വിസ്റ്റ്, ഗിരോഷ് നടത്തിയത് ക്വട്ടേഷന്‍ കൊല? സെലീനയുമായി അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പിടിയില്‍, അടിമാലി കൊലപാതകത്തില്‍ നിഗൂഡതകള്‍ അവസാനിക്കുന്നില്ല

ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് സാമൂഹ്യപ്രവര്‍ത്തകയായിരുന്നു സെലീന അബ്ദുള്‍ സിയാദിന്റെ കൊലപാതകത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. കൊല നടത്തിയ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് പിടിയിലായെങ്കിലും കൊലയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനിടെ സെലീനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ഉടമയെയും ഡ്രൈവറെയുമാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് സെലീനയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നാണ് സൂചന.

കൊലപാതകം നടന്ന ദിവസം ഗിരോഷ് കസ്റ്റഡിയിലുള്ള രണ്ടു പേരെയും ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ സെലീനയുമായി നിരവധി തവണ വിളിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം സെലീന പൊതുരംഗത്ത് സജീവമായിരുന്നെങ്കിലും ഇവരുടെ ഇടപെടലുകള്‍ പലതും ദുരൂഹമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും വിലയേറിയ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ പുറത്തു യാത്ര ചെയ്തിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം പുറത്തുപോയ ഗിരോഷ് അരമണിക്കൂറിനു ശേഷം തിരിച്ചെത്തി മൃതദേഹത്തില്‍നിന്ന് ഇടതു മാറിടം മുറിച്ചെടുത്ത് അതുമായി സ്വന്തം വീട്ടിലേക്കു പോയി.

അടിമാലിയില്‍ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മുന്‍പ് പരാതി വന്നിരുന്നു. സാമൂഹികപ്രവര്‍ത്തകയായ സെലീന ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഗിരോഷിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവം മുതലെടുത്ത് സെലീന ഗിരോഷിനെ ഭീഷണിപ്പെടുത്തി 1.08 ലക്ഷം രൂപ വാങ്ങിയിരുന്നു.

ഗിരോഷിന്റെ കുടുംബ വസ്തു ഈടു വച്ച് രണ്ടു ലക്ഷം രൂപകൂടി ഗിരോഷ് നല്‍കി. വായ്പ തിരിച്ചടയ്ക്കല്‍ മുടങ്ങിയതോടെ ഗിരോഷും സെലീനയും തമ്മില്‍ വഴക്കായി. വസ്തുവിനു ജപ്തി നോട്ടിസും വന്നു. ഭാര്യയുടെ പ്രസവ ചെലവുകള്‍ക്കായി സുഹൃത്തിന്റെ കൈയില്‍നിന്നു വാങ്ങിയ 5000 രൂപ ഗിരോഷ് സ്വന്തം അക്കൗണ്ടിലിട്ടെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനം ഈ പണം വായ്പയുടെ തിരിച്ചടവിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഗിരോഷ് സെലീനയുടെ അടുത്തെത്തി പണം തിരിച്ചുചോദിച്ചു. എന്നാല്‍ പണം തിരികെ നല്കാന്‍ അവര്‍ തയാറാകാത്തതാണ് കൊലയിലേക്കു നയിച്ചതെന്നാണ് പ്രതി പറയുന്നത്.

Related posts