ബോര്‍ഡുകളില്‍ നിന്ന് ചെ ഗുവേരയെ വെട്ടി ഡിവൈഎഫ്‌ഐ ! പകരം ഇടം പിടിച്ചത് മെസിയും നെയ്മറും റൊണാള്‍ഡോയും; സിപിഎം യുവജന സംഘടനയും ലോകകപ്പ് ആവേശത്തില്‍…

കോതമംഗലം: ലോകകപ്പ് എത്തിയതോടെ കേരളത്തില്‍ എങ്ങും അതിന്റെ അലയൊലികളാണ്. ബ്രസീല്‍, അര്‍ജന്റീന തുടങ്ങി സൗദി അറേബ്യ വരെയുള്ള ലോകകപ്പില്‍ പങ്കെടുക്കുന്ന മിക്ക ടീമുകള്‍ക്കും കേരളത്തില്‍ ഫാന്‍സ് ഉണ്ട്.

ഫഌക്‌സ് ബോര്‍ഡുകളുമായി ക്ലബുകളും ഫാന്‍സ് അസോസിയേഷനുകളും രംഗത്തിറങ്ങിക്കഴിഞ്ഞു.രാഷ്ട്രീയ യുവജന സംഘടനകളും ലോകകപ്പിന്റെ ആവേശത്തിലാണ്. എന്നാല്‍ മറ്റ് യുവജന സംഘടനകളെയെല്ലാം ഇക്കാര്യത്തില്‍ കടത്തിവെട്ടിയാണ് ഡിവൈഎഫ്‌ഐ കളം നിറഞ്ഞത്.

ലോകകപ്പ് വന്നതോടെ ഫ്‌ളക്‌സിലെ ചെ ഗുവേര, ഇഎംഎസ്, മാര്‍ക്‌സ് തുടങ്ങിയ നേതാക്കളെയെല്ലാം സംഘടന ബോര്‍ഡുകളില്‍ നിന്നും ഇറക്കിവിട്ടു. പകരം മെസിയും റാമോസും നെയ്മറും റൊണാള്‍ഡോയുമൊക്കെയാണ്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനു വച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലാണു ലോകകപ്പ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞത്.

സംഘടനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് ഡിവൈഎഫ്‌ഐയുടെ പുതിയ പരീക്ഷണം. 17 മുതല്‍ 19 വരെയാണ് കോതമംഗലത്ത് പരിപാടി നടക്കുക. നേരത്തേ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോതമംഗലത്ത് ഡിവൈഎഫ്‌ഐ നടത്തിയ പെനല്‍റ്റി ഷൂട്ടൗട്ട് പരിപാടിയും ശ്രദ്ധേയമായിരുന്നു.

തൃക്കാരിയൂരില്‍ നടന്ന മല്‍സരത്തില്‍ വിജയിക്കു രണ്ട് ലിറ്റര്‍ പെട്രോളായിരുന്നു സമ്മാനം. സംഘടനയെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇത്തരം പുതിയ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് എറണാകുളം ജില്ലാ കമ്മിറ്റി അംഗം ജയകുമാര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനായി സ്ഥാപിച്ച ബോര്‍ഡിലെ ഫുട്‌ബോള്‍ താരങ്ങള്‍.

ലോകകപ്പ് തുടങ്ങുന്ന ദിവസം ചെറുപ്പള്ളിയില്‍ സംഘടനയുടെ നേതൃത്വത്തില്‍ പെനല്‍റ്റി ബോക്‌സും ക്രമീകരിക്കും. പെനല്‍റ്റി അടിക്കാനെത്തുന്നവര്‍ ഇഷ്്ട ടീമിന്റെ ജഴ്‌സി ധരിച്ചെത്താനാണു സംഘടനയുടെ നിര്‍ദേശം.

Related posts