സൈബീരിയന്‍ കടല്‍ത്തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത് 54 കൈപ്പത്തികള്‍! ചിത്രങ്ങള്‍ വൈറലായതോടെ സംശയങ്ങളും നിരവധി; വ്യക്തതയ്ക്കായി അന്വേഷണം ആരംഭിക്കുന്നു

സൈബീരിയയില്‍ നദീതീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്, മുറിച്ചുമാറ്റിയ നിലയിലുള്ള 54 കൈപ്പത്തികള്‍. ഖബാരോസ്‌കിലെ അമൂര്‍ നദീ തീരത്ത്, പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കൈപ്പത്തികള്‍ കാണപ്പെട്ടത്. ആദ്യം പ്ലാസ്റ്റിക് ബാഗിന് പുറത്ത് ഒരു കൈപ്പത്തിയായിരുന്നു കാണപ്പെട്ടത്. തുടര്‍ന്ന് ബാഗ് തുറന്നുനോക്കിയപ്പോഴാണ് 54 കൈപ്പത്തികള്‍ കാണപ്പെട്ടത്.

ഏതെങ്കിലും ഫോറന്‍സിക് ലാബില്‍ നിന്ന് ഉപേക്ഷിച്ചതായിരിക്കാം ഇവയെന്നാണ് നിഗമനം. അതേസമയം ഇത്തരത്തില്‍ അവയവങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന് റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ വിഭാഗം വ്യക്തമാക്കി. മെഡിക്കല്‍ ബാന്റേജുകളും പ്ലാസ്റ്റിക് കവറുകളും കൈപ്പത്തിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് നയിച്ചത്.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കൈ വെട്ടിമാറ്റാറുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൃതദേഹം അടക്കം ചെയ്താലും ഇത്തരം കൈപ്പത്തി, വിരലടയാളം പരിശോധിക്കാന്‍ സഹായകരമാകും. എങ്കിലും ഡിജിറ്റല്‍ വിരലടയാളം സൂക്ഷിക്കാം എന്നിരിക്കെ എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related posts