9/11ന് പ്രതിശ്രുത വരന്മാരെ നഷ്ടപ്പെട്ട രണ്ടു സ്ത്രീകള്‍ സുഹൃത്തുക്കളായതെങ്ങനെ, ലിന്നയുടെയും സൂസന്നയുടെയും അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ!

friends1വിധി ചിലരെ തമ്മില്‍ അകറ്റുകയും മറ്റു ചിലരെത്തമ്മില്‍ അടുപ്പിക്കുകയും ചെയ്യുമെന്നു പറയാറുണ്ട്. അമേരിക്കന്‍ വശംജരായ ലിന്നാ കെയ്‌ന്റെയും സൂസന്നാ മോസിയെല്ലോയുടെയും ജീവിതത്തില്‍ ഇതു രണ്ടും സംഭവിച്ചു. വിധി അവരില്‍ നിന്നും അകറ്റിയത് അവരുടെ പ്രതിശ്രുതവരന്മാരെയാണ്. അടുപ്പിച്ചത് അവരെത്തമ്മിലും. ലോകത്തെ നടുക്കിയ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ്‌ട്രേഡ്‌സെന്റര്‍ ഭീകരാക്രമണത്തില്‍ ഇരുവരുടെയും പ്രതിശുദ്ധവരന്മാര്‍ മരണത്തിന്റെ കരംപിടിച്ചു.

മരിച്ചവരുടെ ഉറ്റവരുടെ സംഗമത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. അത് ഗാഢമായ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു  ആ ബന്ധം 15 വര്‍ഷത്തിനു ശേഷവും ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തിപ്പോരുകയാണ് ഈ സുഹൃത്തുക്കള്‍. ഇരുവര്‍ക്കും ഇന്ന് പ്രായം 42, ഇരുവരും വിവാഹം കഴിച്ചു കുട്ടികളുമായി ഇപ്പോള്‍ സുഖമായി ജീവിക്കുകയാണ്. തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയില്‍ എപ്പോഴും തമ്മില്‍ കാണാറില്ല ഇവര്‍. എന്നാല്‍ തങ്ങളില്‍ ഒരാള്‍ക്ക് മറ്റെയാളുടെ സഹായം ആവശ്യമുള്ളതെപ്പോഴെക്കെയാണെന്ന് ഇരുവര്‍ക്കും മനസിലാക്കാന്‍ സാധിക്കുമെന്ന് ലിന്നാ പറയുന്നു. വെസ്റ്റ്‌ചെസ്റ്ററിലെ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റായി ജോലി നോക്കുകയാണ് ലിന്നാ ഇപ്പോള്‍.

friends2

ഇരുവരുടെയും ജീവിതകഥ ഏറെക്കുറെ സമാനമാണ്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറില്‍ കാന്റോണ്‍ ഫ്രിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ധനകാര്യകമ്പനിയുടെ ഓഫീസില്‍ ജോലിനോക്കുന്ന യുവാക്കളുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. 37കാരനായ ചാര്‍ലി മര്‍ഫിയായിരുന്നു ലിന്നയുടെ പ്രതിശുദ്ധ വരന്‍ 32കാരനായ ജോണ്‍ ക്രൂസിനെയാണ് സൂസന്ന വിവാഹം കഴിക്കാനിരുന്നത്. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് ലിന്നാ അവസാനമായി ചാര്‍ലിയെ കാണുന്നത്. അവരൊന്നിച്ച് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍പാര്‍ക്ക് സ്റ്റേഷനില്‍ ട്രെയിനിറങ്ങി. ജോലിയുടെ നേതൃത്വം വഹിക്കുന്നതിനാല്‍ ചാര്‍ലി നേരേ ഓഫീസിലേക്കു പോയി. ലിന്നാ  ജോണ്‍ ജേയ് കോളജിലേക്കും. ലിന്നാ അന്നവിടെ ഫോറന്‍സിക് സൈക്കോളജി പഠിക്കുകയായിരുന്നു. നാലുവര്‍ഷം പ്രായമായ തങ്ങളുടെ പ്രണയം പൂവണിയാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ലിന്നായ്ക്ക് മധുരമായചുംബനം സമ്മാനിച്ചാണ് ചാര്‍ലി പോയത്. ലിന്ന ഒരിക്കലും വിചാരിച്ചില്ല അത് ചാര്‍ലിയുടെ അന്ത്യചുംബനമാകുമെന്ന്.

ആദ്യ വിമാനം ടവറില്‍ ഇടിക്കുമ്പോള്‍ സൂസന്നാ ജോണുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പോള്‍ സമയം രാവിലെ 8.46. ആ സമയം ജോണിന്റെ സംസാരത്തില്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നു സൂസന്നാ പറയുന്നു. അന്ന് സുഖമില്ലാഞ്ഞിട്ടും എന്തിനാണ് ഓഫീസില്‍ പോയതെന്നു താന്‍ ചോദിച്ചപ്പോള്‍ നീയെന്നെ ശരിക്കു മനസിലാക്കിയിരിക്കുന്നു എന്നു പറഞ്ഞ ജോണ്‍ തന്റെ കൈയില്‍ മരുന്നുണ്ടെന്നു പറഞ്ഞു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഫോണില്‍ക്കൂടി എന്തോ ശബ്ദം കേട്ടു. പുറത്ത് എന്തോ വന്നിടിച്ചു പിന്നെ വിളിക്കാം എന്നു പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. എന്നാല്‍ പിന്നീടൊരിക്കലും ഫോണ്‍ ചെയ്യാന്‍ ജോണ്‍ ഈ ലോകത്ത് അവശേഷിച്ചിരുന്നില്ല. അപകടത്തിനു കുറച്ചുനാള്‍ക്കുശേഷമാണ് സൂസന്നയും ലിന്നയും കണ്ടുമുട്ടുന്നത്. പതിനഞ്ച് വര്‍ഷം കഴിഞ്ഞെന്നു തങ്ങള്‍ക്ക്  വിശ്വസിക്കാനാവുന്നില്ലെന്നാണ് ഈ കൂട്ടുകാരികള്‍ പറയുന്നത്.

Related posts