ബാഗില്‍നിന്നും കണ്ടെടുത്ത കത്തില്‍ എന്തായിരുന്നു…! പ്രധാന അധ്യാപിക അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി

Nandanaഗാന്ധിനഗര്‍: പ്രധാന അധ്യാപിക അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി.  മൂവാറ്റുപുഴ മോഡല്‍ ഗവ. മോഡല്‍ വിഎച്ച്എസ്എസില്‍ പ്ലസ്ടുവില്‍ പഠിക്കുന്ന മൂവാറ്റുപുഴ മണ്ണള്ളൂര്‍ മണിയംതടം പനവേലില്‍ അനിരുദ്ധന്റെ മകള്‍ നന്ദന(17) ആണ് ഇന്നു പുലര്‍ച്ചെ 1.15നു കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം.

പരീക്ഷ സമയത്തു സ്കൂളില്‍ നടന്ന മൊബൈല്‍ഫോണ്‍ പരിശോധനയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്നും കത്തു കണ്ടെത്തിയിരുന്നു. തുടര്‍ന്നു പ്രധാന അധ്യാപിക വിദ്യാര്‍ഥിനിയെ ഓഫീസിലേക്കു വിളിച്ചുവരുത്തി. പിന്നീട് മറ്റു അധ്യാപകരുടെയും അനധ്യാപകരുടെയും മുന്നില്‍വച്ച് അപമാനിക്കുകയായിരുന്നു. സംഭവത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി സ്കൂളില്‍ നിന്നും വീട്ടിലെത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥിനിയുടെ അലര്‍ച്ച കേട്ടു സമീപവാസികള്‍ ഓടിയെത്തി തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിദ്യാര്‍ഥിനിയെ മാറ്റുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പ്രധാന അധ്യാപിക അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു മാതാപിതാക്കള്‍ മൂവാറ്റുപുഴ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. വാഴക്കുളം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വാഴക്കുളം എസ്‌ഐ ടി.എസ്. ശിവകുമാര്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മാതാവ്: ലേഖ. സഹോദരി: നയന.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related posts