ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി; സിലിണ്ടര്‍ തുരുമ്പിച്ചതെന്നു പരാതി

ktm-gasകടുവാക്കുളം: കടുവാക്കുളത്തിനു സമീപം വീട്ടിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഒരാഴ്ച മുമ്പു നൈനാടത്തു തോപ്പില്‍ ബിനുവിന്റെ വീട്ടില്‍ ലഭിച്ച സിലിണ്ടറിലാണു ചോര്‍ച്ചയുണ്ടായത്. ഇന്നലെ വൈകുന്നേരത്തോടെയാണു സംഭവം.   അടുക്കളയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടറിന്റെ അടിഭാഗത്തുനിന്നാണ് വാതകം ചോര്‍ന്നത്. സിലിണ്ടറിന്റെ അടിഭാഗം ദ്രവിച്ചുതുടങ്ങിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഈ ഭാഗത്തു സോപ്പു പതപോലെയും കാണപ്പെട്ടു.

പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതോടെ പരിശോധന നടത്തിയപ്പോഴാണു ചോര്‍ച്ച കണ്ടത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. വെള്ളംനിറച്ച പാത്രത്തില്‍ ഇറക്കി വയ്ക്കാന്‍ അവര്‍ നിര്‍ദേശിച്ചു.   ഇതോടെ ബിനു സിലിണ്ടര്‍ വീടിനു പുറത്ത് എത്തിക്കുകയും വെള്ളം നിറച്ച വീപ്പയില്‍ താഴ്ത്തി വയ്ക്കുകയുമായിരുന്നു. തക്ക സമയത്തു കണെ്ടത്തിയതിനാലാണു വന്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടതെന്നു ബിനുവും കുടുംബവും പറയുന്നു. ഭാരത് കമ്പനിയുടേതാണ് സിലിണ്ടര്‍.

Related posts