കൊച്ചി: കേരളത്തിന്റെ പച്ചപ്പ് വീണെ്ടടുക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നു നടന് മമ്മൂട്ടി. ഇന്നലെ എറണാകുളം പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍ട്രല്‍ ഹോട്ടലില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഹരിത ഭംഗി നിലനിര്‍ത്താനും ഭാവി മുന്നില്‍കണ്ടു പ്രവര്‍ത്തിക്കണം. യുവതലമുറയെ അതിനു പ്രേരിപ്പിക്കണം. കേരളത്തിലുള്ള അത്രയും ജലസ്രോതസുകള്‍ വേറെ സംസ്ഥാനങ്ങളിലില്ല. കുറച്ചു ദിവസമായി കടുത്ത വെയിലത്താണു ഷൂട്ടിംഗ് നടക്കുന്നത്. സഹിക്കാന്‍ പറ്റാത്ത ഉഷ്ണംകൊണ്ടു ജനം കഷ്ടപ്പെടുന്നു. പലപ്പോഴും രാവിലെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പകല്‍ ജോലിക്കു പോകുന്നുവരുടെ പ്രയാസം കാണാന്‍ കഴിഞ്ഞു.
സഹിക്കാന്‍ പറ്റാത്ത ചൂടു കാരണം പലരും ഇന്നു ജോലിക്കു പോകുന്നില്ല. അങ്ങനെയുള്ളവരുടെ പ്രയാസമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ ചൂട് വരള്‍ച്ചയുടെ മുന്നറിയിപ്പാണ്. പ്രകൃതി മനുഷ്യനു നേരെ തിരയുന്നതുകൊണ്ടാണു ചൂട് വര്‍ധിക്കുന്നത്. ജലസംഭരണി വീടുകളില്‍ നിര്‍മിക്കാന്‍ വ്യക്തികള്‍ തയാറാകണം. ഇപ്പോള്‍ നടപ്പാക്കാന്‍ ഉദേശിക്കുന്നത് പൊതുസ്ഥലങ്ങളില്‍ വെള്ളം ആവശ്യമുള്ളവര്‍ക്കു ലഭ്യമാക്കാനുള്ള പദ്ധതി, ബസ് കാത്തു നില്‍ക്കുന്നവര്‍ക്കു തണല്‍ ഒരുക്കുക, പൊതുസ്ഥലങ്ങളില്‍ ചൂടില്‍നിന്നു രക്ഷ നേടാന്‍ വേണ്ടി ടെന്റ് വലിച്ചു കെട്ടുക തുടങ്ങിയവയാണ്. ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ ആവശ്യക്കാര്‍ക്കു ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള പദ്ധതിയും പരിഗണയിലുണ്ട്. ഇതിന്റെ പേരില്‍ യാതൊരു പണപ്പിരിവും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിങ്ങളുടെ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക (ഓണ്‍ യുവര്‍ വാട്ടര്‍)എന്ന കാമ്പയിന് ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അഞ്ചു കൊല്ലംകൊണ്ട് എറണാകുളത്തെ എല്ലാ ജലസ്രോതസുകളിലും കുടിക്കാന്‍ ഉപയോഗിക്കാവുന്ന വിധം വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതികള്‍ നടപ്പാക്കും. പൊതുയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള കിയോസ്ക് സ്ഥാപിക്കുക, ട്രാഫിക് സിഗ്നലുകളിലും ബസ് സ്റ്റോപ്പുകളിലും ഷെഡുകള്‍ പണിയുക, വീടുകളില്‍ മുറ്റത്തു വഴിയാത്രക്കാര്‍ക്കായി കൂജയില്‍ വെള്ളംവയ്ക്കുക തുടങ്ങിയവ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജലം ശുചീകരിക്കാനുള്ള 25 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ എറണാകുളം ജില്ലയില്‍ സ്ഥാപിക്കാനുള്ള എല്ലാ സഹായവും നല്‍കാമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹി അലക്സ് വിളനിലം അറിയിച്ചു. എറണാകുളം എന്‍എന്‍എസ് കരയോഗം ആവശ്യകാര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. മട്ടാഞ്ചേരിയില്‍ കുടിവെള്ളം ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്കു കുടിവെള്ളമെത്തിക്കാനും ടാങ്കര്‍ ലോറികളില്‍ ആവശ്യമുള്ളവര്‍ക്ക് വെള്ളമെത്തിക്കുക തുടങ്ങിയവ ഉടന്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. കോളജ് മാഗസിന് പ്രകാശനത്തിനുള്ള പണം വരള്‍ച്ച മൂലം കഷ്ടപ്പെടുന്നവര്‍ക്കു നല്‍കാമെന്നു കെഎംഎ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അറിയിച്ചു. കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.ആര്. വിശ്വംഭരന്, ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന് നായര്‍ തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു.