പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ചിത്രത്തില്‍ സീതയാകാൻ താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് സായി പല്ലവിയിപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സായ് പല്ലവി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
ഒരു സാധാരണ സിനിമാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു പോലെയല്ല സീതാദേവിയുടെ വേഷം. സീതാദേവിയെ അവതരിപ്പിക്കുക എന്നത് ഞാൻ തെരഞ്ഞെടുത്ത ഒരു റോളല്ല, മറിച്ച് ഈ വേഷത്തിനായി ഞാൻ അനുഗ്രഹിക്കപ്പെട്ടതാണ്. നമ്മൾ ആഗ്രഹിച്ച് നടന്ന്, ഒരു പേപ്പറിൽ എഴുതി പറയാൻ കഴിയുന്ന ഒന്നല്ല ഇത്. ഷൂട്ടിംഗിന് മുൻപ് ഞാൻ ധ്യാനിക്കാറുണ്ടായിരുന്നു. എന്നിട്ട് പറയും, സീതാ മാ… നീ എന്നിലൂടെ അഭിനയിക്കൂ എന്ന്. എന്നിലൂടെ പുറത്തുവരുന്നത് എന്താണോ, അത് ഈ സിനിമയ്ക്ക് അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്നതാകട്ടെ. ഏറ്റവും മികച്ച രൂപത്തിൽ ഇത് അവതരിപ്പിക്കാൻ, എന്റെ ചിന്തകളിലെങ്കിലും അത് അത്രമേൽ ശുദ്ധമായി സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു.
ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് ഏതൊരു അഭിനേതാവിനും ഏറ്റവും പ്രയാസമേറിയ കാര്യമാണ്. ഇത് ലോകത്തിന്റെ ചരിത്രമായി മാറാൻ പോകുന്ന ഒന്നായതുകൊണ്ടുതന്നെ, അണിയറപ്രവർത്തകർ തങ്ങളുടെ ഹൃദയവും ആത്മാവും നൽകിയാണ് ഈ സിനിമയ്ക്കായി പ്രവർത്തിച്ചിട്ടുള്ളത്- സായ് പല്ലവി പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ഈ പ്രൊജക്റ്റിന്റെ ഭാഗമാണെങ്കിലും, ഇതിന് പിന്നിൽ ഒരു സംഘം ആളുകൾ കഴിഞ്ഞ പത്ത് വർഷമായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. എനിക്കിതൊരു പഠനാനുഭവമായിരുന്നു- സായ് പല്ലവി കൂട്ടിച്ചേർത്തു.
യഷ്, രവി ദുബെ, സണ്ണി ഡിയോള്‍, ശോഭന, അരുണ്‍ ഗോവില്‍, രാകുല്‍ പ്രീത് എന്നിവരാണ് ചിത്രത്തില്‍ മറ്റ്പ്രധാനവേഷങ്ങളില് എത്തുന്നത്. രണ്ടുഭാഗങ്ങളിലായിട്ടാണ് ചിത്രമെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. സിനിമയുടെ ആദ്യ ഭാഗം 2026-ലും രണ്ടാം ഭാഗം 2027-ലുമാണ് തിയറ്ററുകളിലെത്തുക.
