നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

rapeതിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ വര്‍ക്കല താഴെ വെട്ടൂര്‍ സ്വദേശി സുജിത്ത് എന്ന് വിളിയ്ക്കുന്ന സഫീര്‍ (24), ഷൈജു (20), റാഷിദ് (21) എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

പ്രതികളില്‍ ഒരാള്‍ വടകരയിലും മറ്റ് രണ്ട് പേര്‍ ജില്ലയ്ക്കകത്തെ ഒളിസങ്കേതത്തിലുമുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി. ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി. ആര്‍. ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള മൂന്ന് അന്വേഷണ സംഘം പ്രതികളെ പിടികൂടാനായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. പ്രതികളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യം വരുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  കൂട്ടമാനഭംഗത്തിനിരയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം വര്‍ക്കല ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് രാജേഷ്  പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം ഒരുവാതില്‍കോട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി വഴിയില്‍ തള്ളിയത്.

വര്‍ക്കല അയന്തിഭാഗത്തെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടിയെ അവശയായി  ഓട്ടോറിക്ഷയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.   പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ക്രൂരമായ കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പോലീസ് കൂടുതല്‍ വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related posts