ന്യൂഡൽഹി: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരേയുള്ള ആദ്യ വാക്സിന് അംഗീകാരം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ജാപ്പനീസ് മരുന്നുനിർമാതാക്കളായ താക്കെദ ബയോ ഫാർമസ്യൂട്ടിക്കൽസിന്റെ ‘ക്യുദെംഗ’ എന്ന വാക്സിനാണ് അനുമതി ലഭിച്ചത്. നാലു വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. നേരത്തേ ഡെങ്കിപ്പനി വന്നിട്ടുള്ളവർക്കും വരാത്തവർക്കും മുൻകൂർ രക്തപരിശോധനകളൊന്നും കൂടാതെതന്നെ വാക്സിൻ നൽകാമെന്നത് ഇതിന്റെ പ്രത്യേകതയാണ്.
മൂന്നു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഡെങ്കിക്കു കാരണമാകുന്ന നാലുതരം വൈറസ് വകഭേദങ്ങൾക്കെതിരേയും ഇതു പ്രതിരോധം നൽകും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഡെങ്കിമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
