ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബുളില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ യുവതി ജൂഡിത് ഡിസൂസയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ ഒമ്പതിനാണ് കോല്‍ക്കത്ത സ്വദേശിനിയായ ജൂഡിത്തിനെ തട്ടിക്കൊണ്ടുപോയത്. രാജ്യാന്തര എന്‍ജിഒ ആയ അഗ ഖാന് ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്നിക്കല്‍ അഡൈ്വസറായിരുന്നു ജൂഡിത്. ജൂണ്‍ രണ്ടാം വാരം ഇന്ത്യയിലേക്ക് മടങ്ങാന്‍ തയാറായിരിക്കെയായിരുന്നു ഇവരെ കാബുളില്‍വച്ച് തട്ടിക്കൊണ്ടു പോയത്.
ജൂഡിത്തിന്റെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നിരന്തര പ്രയത്നത്തിലായിരുന്നു. അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഇടപെടലുകളും ഫലംകണ്ടു. ജൂഡിത്തിന്റെ മോചനത്തിനു കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനിയുമായി മോദി ബന്ധപ്പെട്ടിരുന്നു.