സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ ജനങ്ങളുടെ വൻതിരക്ക്. ഓൺലൈൻവഴി ഷെഡ്യൂൾ ചെയ്യുന്നതിന് പകരം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാമെന്ന് അറിയിപ്പ് കണ്ടതോടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ആളുകൾ കൂട്ടമായി എത്തിയത്.
ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിനുകളിൽ 80 ശതമാനവും സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കുമെന്നായിരുന്നു അറിയിപ്പ്. തദ്ദേശവാസികൾക്ക് അവരവരുടെ താമസ സ്ഥലത്തോട് ചേർന്നുള്ള കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യമാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇന്നു രാവിലെ ജില്ലയുടെ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും തൃശൂർ നഗരത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി.മണ്ണുത്തി പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.
ആരോഗ്യ കേന്ദ്രത്തിനന്റെ ഇരു ഭാഗങ്ങളിലേക്കും കിലോമീറ്ററുകളോളം വരി നീണ്ടു . വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി . സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളും കാറ്റിൽപറത്തിയാണ് ആളുകൾ വാക്സിൻ കിട്ടാൻ വരി നിന്നത്.
ആളുകൾ വാക്സിൻ എടുക്കാൻ മറ്റു ജില്ലകളിലേക്ക് വരുന്ന സാഹചര്യം ഒഴിവാക്കാനാണ് അതാത് ജില്ലകളിൽ സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്.അതാത് പ്രദേശത്തെ ആർ ആർ ടി അംഗങ്ങൾ, ഡിവിഷൻ കൗൺസിലർമാർ, വാർഡ് മെമ്പർമാർ, ആശാവർക്കർമാർ എന്നിവർക്കാണ് തങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് വാക്സിനേഷൻ എടുക്കാനുള്ള സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഒരുക്കേണ്ട ചുമതല. എന്നാൽ അവർക്കുപോലും ഇന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
പലയിടത്തും ആൾക്കൂട്ടം നിയന്ത്രിക്കാൻ പോലീസിനെ വിളിക്കേണ്ട സ്ഥിതി വരെ എത്തി. തദ്ദേശീയർക്കു വേണ്ടി ആവിഷ്കരിച്ച സ്പോട്ട് രജിസ്ട്രേഷൻ സംവിധാനത്തിൽ വീണ്ടും തദ്ദേശീയർ പുറത്താകുന്ന കാഴ്ചയ്ക്കാണ് ജില്ല സാക്ഷ്യംവഹിച്ചത്.