കൊച്ചി: പോക്സോ കേസില്‍ കുറ്റാരോപിതരായ എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്കെതിരേ ഒരു വര്ഷത്തിനുമേല് പഴക്കമുള്ള അച്ചടക്കനടപടിയും തുടര്നടപടിയുമെടുക്കാത്ത പോക്സോ കേസുകളില്‍ നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം കേസുകളില്‍ സര്‍ക്കാരില്‍നിന്നോ പൊതു വിദ്യാഭ്യാസ ഡയറക്ടറില്നിന്നോ ബന്ധപ്പെട്ട അധികാരികളില്‍നിന്നോ നിര്‍ദേശം ലഭിച്ചിട്ടും മാനേജര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു വര്‍ഷം പഴക്കമുള്ള കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ എഇഒ, ഡിഇഒ, ഡിഡി, ആര്‍ഡിഡി എന്നിവരെ ചുമതലപ്പെടുത്തിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പോക്സോ കേസുകളില്‍ ഉള്‍പ്പെട്ട എയ്ഡഡ് സ്കൂളിലെ ജീവനക്കാരുടെ അച്ചടക്കാധികാരി മാനേജര്‍ ആയതിനാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വ്യക്തത വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരെത്ത് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി.
കേരള എജ്യുക്കേഷണല്‍ റൂള്‍ വകുപ്പ് 12 എ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം മാനേജര്‍ക്ക് നല്‍കിയിട്ടും അച്ചടക്ക നടപടി ആരംഭിക്കാതിരിക്കുകയോ രണ്ടു മാസത്തിനകം അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയോ, അച്ചടക്ക നടപടികള്‍ മതിയായ കാരണമില്ലാതെ പിന്‍വലിക്കുകയോ, മതിയായ ശിക്ഷ നല്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാരിനോ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അച്ചടക്ക നടപടികള്‍ ബന്ധപ്പെട്ട ജീവനക്കാരനുമേല്‍ സ്വീകരിക്കാമെന്നും വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
സീമ മോഹന്‍ലാല്‍