കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് മരട് പോലീസ് സ്വമേധയാ കേസെടുത്തത്. അടിപിടിക്കും, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൈക്കൂടം പള്ളി പരിസരത്തായിരുന്നു സംഭവം. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില് പങ്കെടുക്കാന്‍ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ് ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടിലേക്ക് എത്തിയതെന്ന് സൂചന. ചടങ്ങില്‍ പങ്കെടുത്തിരുന്ന പോലീസുകാരാണ് ഗുണ്ടകളെ പിടിച്ചുമാറ്റിയത്.
സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയില്ല എന്ന കാരണത്താല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഗുണ്ടാനേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമതാരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.