തന്റെ കരിയറിൽ നിന്ന് നീണ്ട ഇടവേള എടുത്തിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. മയോസിറ്റിസ് എന്ന ശരീരത്തിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുന്ന രോഗം ബാധിച്ച നടി, ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിജയ് ദേവ്രക്കോണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷി, രാജ് ആൻഡ് ഡി.കെ ടീം സംവിധാനം ചെയ്ത സിറ്റാഡൽ സീരീസ് എന്നിവയ്ക്കുശേഷം സാമന്ത മറ്റു പ്രൊജെക്ടുകൾ ഏറ്റെടുത്തിരുന്നില്ല. മുന്‍പ് ഒരു അഭിമുഖത്തിൽ, താൻ കരിയറിൽ നിന്നു വിട്ടുനില്‍ക്കാൻ തീരുമാനം എടുത്തത് പലർക്കും ദഹിച്ചിട്ടില്ല എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ നിന്ന് ബ്രേക്ക് എടുത്തതാണ് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നും നടി വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ആമസോണ്‍ പ്രൈമിലെ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരിസിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി പ്രത്യക്ഷപ്പെട്ടത്. സ്വയം കണ്ടെത്താനും, സ്വന്തം പാത വെട്ടിത്തെളിക്കാനും വേണ്ടിയാണ് താൻ ഈ പുതിയ മാർഗം തെരഞ്ഞെടുത്തത് എന്നാണ് നടി പറയുന്നത്. പൊതുജനത്തിന്റെ ധാരണകൾ എന്തുതന്നെയായാലും, മുന്‍പുള്ളതിനേക്കാൾ താൻ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടെന്ന് തോന്നുന്നത് ഇപ്പോഴാണെന്ന് സാമന്ത പറയുന്നു.
പ്രശസ്തിയുടെയോ ഔട്ട്പുട്ടിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ജീവിതവിജയത്തെ കാണുന്നത്. ഇന്ന് വിജയത്തെക്കുറിച്ചുള്ള എന്റെ നിർവചനം സ്വാതന്ത്ര്യമാണ്. രണ്ടു വർഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യം. രണ്ടു വർഷമായി എന്റെഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. വളരാനുള്ള സ്വാതന്ത്ര്യം, പരിണമിക്കാനുള്ള സ്വാതന്ത്ര്യം.
മുന്‍പ് ഞാൻ എങ്ങനെയായിരുന്നോ അതുപോലെയല്ല ഇപ്പോൾ. ഞാനൊരു പരാജയമാണെന്നാണ് പലരും കരുതുന്നത്. പക്ഷേ, എന്റെ മനസിൽ ഇപ്പോൾ ഞാൻ എക്കാലത്തേക്കാളും വിജയിച്ചിരിക്കുന്നു. എന്നെ ശരിക്കും ആകർഷിക്കുന്നതും, എന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് എല്ലാ ദിവസവും ഉണരുന്പോൾ എനിക്ക് സന്തോഷവും ആവേശവും തോന്നുന്നു.
വിജയം പുറത്തു നിന്നുള്ള അംഗീകാരത്തിലൂടെയല്ല, മറിച്ച് ജോലിയും ജീവിതവും എന്റെ ജീവിത മൂല്യങ്ങളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു എന്നതിലൂടെയാണ്- സാമന്ത വ്യക്തമാക്കി. സാമന്ത ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ദി ഫാമിലി മാൻ, സിറ്റാഡൽ, ഗണ്‍സ് ആൻഡ് ഗുലാബ്സ്, തുടങ്ങിയ നിരവധി വെബ് സീരീസും സിനിമകളും സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ രാജ് ആൻഡ് ഡികെയിലെ, രാജ് നിദിമൊരുവുമായി പ്രണയത്തിലാണു സാമന്ത എന്നാണു റിപ്പോർട്ടുകൾ.
ഇതുവരെ നടി ഈ വാർത്തകളോടു തുറന്നു പ്രതികരിച്ചിട്ടില്ലെങ്കിലും, ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ രാജുമായിട്ടുള്ള തന്റെ ബന്ധത്തെക്കുറിച്ച് താരം സൂചനകൾ തരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് രാജ് ആൻഡ് ഡികെ അണിയിച്ചൊരുക്കുന്ന രക്ത ബ്രഹ്മാണ്ഡ: ദി ബ്ലഡി കിങ്ഡം എന്ന പുതിയ ഹോറർ വെബ് സീരീസിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരാനൊരുങ്ങുകയാണ് സമാന്ത റൂത്ത് പ്രഭു.