തൊടുപുഴ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതിക്ക് ഭരണാനുമതിയായി. ബജറ്റിൽ മൂന്നുകോടി ഇതിനായി വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ സാധ്യതാ പഠനറിപ്പോർട്ടിന് ടൂറിസംവകുപ്പ് അനുമതി നൽകി. പദ്ധതി പ്രവർത്തനങ്ങൾക്കായി 29.50 ലക്ഷം രൂപയുടെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
ഇടുക്കി പദ്ധതിയുടെ ഭാഗമായി മൂലമറ്റം പവർഹൗസിൽനിന്നു വൈദ്യുതി എത്തിക്കുന്ന സ്വിച്ച് യാർഡ്, 220 കെവി വൈദ്യുത ലൈനുകൾ എന്നിവ ഒഴിവാക്കി പദ്ധതി നടപ്പാക്കുന്നതിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹംതന്നെ ഇവിടേക്ക് ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നാടുകാണി പവലിയനിൽ നിന്നാൽ മലങ്കര ജലാശയത്തിന്റെ വിദൂരദൃശ്യങ്ങൾ, ഇലപ്പിള്ളി വെള്ളച്ചാട്ടം, പച്ചപ്പുൽമേടുകൾ, വലകെട്ടിമല, മൂലമറ്റം ടൗണിന്റെ ദൃശ്യങ്ങൾ, പവർഹൗസിൽനിന്നു ടെയിൽറേസ് കനാലിലൂടെ വെള്ളം ഒഴുകുന്ന ദൃശ്യങ്ങൾ എന്നിവയെല്ലാം ആസ്വദിക്കാനാകും.
മൂലമറ്റം എകെജി കോണ്ക്രീറ്റ് പാലം പൂർത്തിയാകുന്നതോടെ പുഴയോടു ചേർന്നുള്ള ഭാഗത്ത് സഞ്ചാരികൾക്കായി പവർഹൗസിന്റെ മോഡലും സ്ഥാപിക്കുന്നതിനു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂലമറ്റം-കോട്ടമല റോഡ് നിർമാണവും ആരംഭിച്ചിട്ടുണ്ട്.
അശോക കവലയിൽനിന്നു മൂലമറ്റം പവർഹൗസ് ജംഗ്ഷൻ വരെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിച്ച് കോട്ടമല കവന്തഭാഗത്തെ ഒന്നര കിലോമീറ്റർ ടാറിംഗ് പൂർത്തീകരിച്ചാൽ തേക്കടി ഉൾപ്പെടെയുള്ള ടൂറിസം മേഖലകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനാകും.
കേബിൾ കാർ പദ്ധതിക്കൊപ്പം ഇടുക്കി ജലാശയം, നാടുകാണി, ഇലവീഴാപൂഞ്ചിറ, മലങ്കര ജലാശയം, പുള്ളിക്കാനം, വാഗമണ് ഉൾപ്പെടെയുള്ള മേഖലകളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

