തിരുവനന്തപുരം: ചെറിയൊരു സംസ്ഥാനമായ കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാനത്താവളങ്ങൾ ഉണ്ട് .ഇനി മറ്റൊന്ന് കൂടി നമുക്ക് ആവശ്യമുണ്ടോ ? അനാവശ്യ വികസനങ്ങൾ നടക്കുമ്പോൾ പ്രകൃതിയും ആവാസ വ്യവസ്ഥയും കൂടുതൽ കൂടുതൽ തകർക്കപ്പെടുകയാണ് .
വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ഈ വാക്കുകൾ ചന്ദനമരങ്ങളുടെ തണൽ പേറുന്ന വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് മുഴങ്ങിയപ്പോൾ പരിസ്ഥിതി ചർച്ചകളും ചിന്തകളും നിറഞ്ഞ സദസ്സ് നിശബ്ദമായി .
ഒരു എയർപോർട്ട് വരുമ്പോൾ എത്രയെത്ര കുന്നുകളും മലകളും ഇടിച്ചുനിരത്തപ്പെടും ? എത്ര ജീവിവർഗങ്ങളും പക്ഷികളും ആവാസമില്ലാതെ കഷ്ടപ്പെടും? എന്തിനാണ് നമ്മൾ ഇങ്ങനെ നേർവര പോലെ ഹൈവേകൾ നിർമ്മിക്കുന്നത് ?
കുന്നുകൾ ഇടിച്ചു മാറ്റി കൊണ്ടുവന്ന് കുഴിസ്ഥലങ്ങളും വയലും നികത്തി കോട്ടകൾ പോലെ റോഡ് കെട്ടിപ്പൊക്കുകയാണ്. അടുത്ത മഴയത്ത് അവയെല്ലാം ഒലിച്ചുപോകുന്നു. കുഴിയും മലകളും ഉള്ള കേരളത്തിൽ കയറിയും ഇറങ്ങിയും റോഡ് പണിയുന്നത് കൊണ്ട് എന്താണ് കുഴപ്പം? മലയാളിയുടെ മണ്ണിലും മനസ്സിലും ഒക്കെ ഒരു ബോധമാണുള്ളത്. പ്രകൃതിയെ നശിപ്പിക്കലോടുകൂടി അത് ഇല്ലാതാക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു .
സി റഹീം രചിച്ച നമ്മുടെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ , കെ.വി മോഹൻ കുമാർ ,ഡോ അച്യുത് ശങ്കർ , എസ് ഭാസുര ചന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
