പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും.
ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.
ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ പരിശോധിക്കും. പൂശിയ സ്വര്‍ണത്തിന്റെ കാരറ്റ് കണ്ടെത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം.
ഇതിനായി ഒരു സെന്റിമീറ്റര്‍ അളവില്‍ സ്വര്‍ണം ഇളക്കി മാറ്റി പരിശോധന നടത്തും. 2019-ല്‍ ദ്വാരപാലക ശില്പത്തില് പൂശിയ സ്വര്‍ണത്തില്‍ ക്ലിയര്‍ കോട്ട് അടിച്ച് നല്കിയപ്പോള് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സ് എന്ന സ്ഥാപനം 40 വര്‍ഷത്തെ ഗാരണ്ടിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് സ്വര്‍ണത്തിന്റെ നിറം മങ്ങിയിരുന്നു.
ഈ കാരണം പറഞ്ഞാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഓണ പൂജകള്‍ക്ക് ശേഷം നട അടച്ച ദിനത്തില്‍ വീണ്ടും ദ്വാരപാലക പാളികള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് ഒരിക്കല്‍ കൂടി സ്വര്‍ണം പൂശിയത്.അതിനാല്‍ 2019ല്‍ സ്വര്‍ണം പൂശിയ കട്ടിള പാളികളും ദ്വാരപലക ശില്പപാളികളും കെമിക്കല്‍, ഇലക്ട്രിക്കല്‍, മൈക്രൊ സ്ട്രച്ചറല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.ഭാര പരിശോധനകള്‍ക്കായി പാളികള്‍ ചുവരില്‍ നിന്നും ഇളക്കി എടുക്കേണ്ടത് ആവശ്യമാണ്.

