ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെങ്കിൽ സർക്കാരിനോട് തെളിവു ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ. നിരവധി കേസുകളിൽ പ്രതിയായതിനെത്തുടർന്ന് തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ സ്ഥാപകൻ കൂടിയായ ഇമ്രാൻ രണ്ടു ർഷത്തിലേറെയായി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
സമൂഹമാധ്യമത്തിലൂടെയാണ് കാസിം ഇക്കാര്യം ആവശ്യപ്പെട്ടത്. “എന്റെ പിതാവ് 845 ദിവസമായി ജയിലിലാണ്. കഴിഞ്ഞ ആറ് ആഴ്ചയായി, അദ്ദേഹത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണ്. വ്യക്തമായ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ആരെയും കാണാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ സഹോദരിമാർക്കും സന്ദർശനം നിഷേധിക്കപ്പെട്ടു. ജീവിച്ചിരിക്കുന്നതിന്റെ തെളിവുകളും ലഭ്യമല്ല.’ കാസിം പറഞ്ഞു.
തന്റെ പിതാവിനോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങൾക്ക് പാക്കിസ്ഥാൻ സർക്കാരും രാഷ്ട്രീയ നേതൃത്വവും ഉത്തരവാദികളാണെന്നും കാസിം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും അടിയന്തരമായി ഇടപെടണമെന്നും കാസിം അഭ്യർഥിച്ചു.
തന്റെ പിതാവിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞെന്നും കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടെന്നും “സ്ലോ പോയിസൺ’ ബാധയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരികയാണെന്നും കാണിച്ച് വീണ്ടും കാസിം സമൂഹമാധ്യമത്തിൽ തന്റെ ആശങ്ക പങ്കുവച്ചു. പിതാവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ സഹോദരിമാരെ അനുവദിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാസിം മുന്നറിയിപ്പു നൽകി.
തങ്ങളുടെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ അതിൽ ഉൾപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും ഇവിടെയും വിദേശത്തുമുള്ള പാക്കിസ്ഥാനികൾ വെറുതെ വിടില്ലെന്ന് സഹോദരിമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
73കാരനായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു മാസമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ പാർട്ടി അംഗങ്ങൾക്കോ അദ്ദേഹത്തെ കാണാൻ അനുവാദമില്ലായിരുന്നു. ഇതേത്തുടർന്നാണ് ഇമ്രാൻ കൊല്ലപ്പെട്ടതായി രാജ്യവ്യാപകമായി വാർത്ത പ്രചരിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഇമ്രാന്റെ സഹോദരിമാരും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പ്രവർത്തകരും നേതാക്കളും ദിവസങ്ങളായി അഡിയാല ജയിലിനു പുറത്ത് തമ്പടിച്ചിരിക്കുകയാണ്. ഇമ്രാനെ കാണാതെ മടങ്ങില്ലെന്ന കടുത്ത നിലപാടിലാണ് അവർ.

