ബംഗളൂരു: കർണാടക ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിൽത്തന്നെ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന് മുതിർന്ന നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി (72) മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നു രാവിലെയാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയിൽ തന്നെ തുടരുമെന്നും എംഎൽഎയായി പ്രവർത്തിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുടെ രാജി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതിച്ഛായയ്ക്കു കടുത്ത തിരിച്ചടിയായിരിക്കുകയാണ്.
തനിക്ക് ആരോടും വ്യക്തിപരമായ ദേഷ്യമില്ലെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും റെഡ്ഡി അറിയിച്ചു. ബംഗളൂരു നഗരവികസന വകുപ്പ് തനിക്കു നൽകുമെന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നതായി റെഡ്ഡി അവകാശപ്പെട്ടു.”സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എനിക്കു മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഡി.കെ. ശിവകുമാർ എന്റെ വീട്ടിൽ വന്ന്, അദ്ദേഹം എപ്പോൾ മുഖ്യമന്ത്രിയായാലും ബംഗളൂരു നഗരവികസന വകുപ്പ് എനിക്ക് നൽകുമെന്ന് ഉറപ്പുതന്നിരുന്നു…’ റെഡ്ഡി പറഞ്ഞു.
വ്യാഴാഴ്ച പ്രഖ്യാപിച്ച വകുപ്പ് വിഭജനത്തിൽ ജലവിഭവ വകുപ്പാണ് റെഡ്ഡിക്കു നൽകിയത്. എന്നാൽ അദ്ദേഹം ആഗ്രഹിച്ച നഗരവികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് ലഭിച്ചത്. എട്ടുതവണ എംഎൽഎയായ രാമലിംഗ റെഡ്ഡി മുൻപ് സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരം, ഗതാഗതം, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ ബംഗളൂരുവിലെ ബിടിഎം ലേഔട്ട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
സിദ്ധരാമയ്യയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് റെഡ്ഡി. റെഡ്ഡിയുടെ രാജിയിലൂടെ കർണാടക കോൺഗ്രസിൽ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴുമുള്ള ശക്തമായ സ്വാധീനവും ക്യാബിനറ്റിലെ മുൻതൂക്കവുമാണ് വ്യക്തമാകുന്നത്. നേരത്തെ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും കർണാടകയിൽ എംഎൽഎയായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അദ്ദേഹം അതു നിരസിച്ചിരുന്നു.
വകുപ്പ് വിഭജനത്തിൽ അതൃപ്തിയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾക്കും, പ്രത്യേകിച്ച് സിദ്ധരാമയ്യ പക്ഷത്തുള്ളവർക്ക്, തങ്ങളുടെ ആവശ്യങ്ങൾ പരസ്യമായി ഉന്നയിക്കാൻ റെഡ്ഡിയുടെ രാജി വഴിതുറന്നേക്കും. അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കർണാടകയിലെ സംഭവവികാസങ്ങൾ വീക്ഷിക്കുന്നത്.
