പ്രതിവർഷം 40 ലക്ഷം രൂപ ശമ്പളവും സ്വന്തമായി ബിഎംഡബ്ല്യു കാറും ഉണ്ടായിട്ടും താൻ ദരിദ്രനാണെന്ന് കരുതി ഉറക്കം നഷ്ടപ്പെട്ട ഗുഡ്ഗാവ് സ്വദേശിയായ 34കാരനായ യുവാവിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേടുന്നത്. എവർഹോപ്പ് ഓങ്കോളജിയുടെ സഹസ്ഥാപകനും ഡോക്ടറുമായ സണ്ണി ഗാർഗ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ മാനസികാവസ്ഥ പങ്കുവെച്ചതും ഇതിന് പിന്നിലെ മനഃശാസ്ത്രം വിശദീകരിച്ചതും.
ഇന്ത്യയിലെ ഉയർന്ന വരുമാനക്കാരായ 1% ആളുകളിൽ ഒരാളായിട്ടും ഈ യുവാവ് നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു. പണ്ട് ആളുകൾ തങ്ങളെക്കാൾ താഴെയുള്ളവരുമായോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ സാധാരണക്കാരുമായോ ആണ് തങ്ങളെ താരതമ്യം ചെയ്തിരുന്നത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും ലിങ്ക്ഡ്ഇനും കാരണം 28 വയസ്സിൽ സ്റ്റാർട്ടപ്പ് വിറ്റ് 80 കോടി നേടുന്നവരുമായാണ് ആളുകൾ സ്വയം താരതമ്യം ചെയ്യുന്നത്.
വരുമാനം കൂടുമ്പോഴും അതിനേക്കാൾ വേഗത്തിൽ പ്രതീക്ഷകളും ആഗ്രഹങ്ങളും വർദ്ധിക്കുന്ന അവസ്ഥയാണിത്. ഇവിടെ വരുമാനവും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം ഓരോ വർഷവും കൂടിക്കൊണ്ടേയിരിക്കുന്നു. ഉയർന്ന വരുമാനമുണ്ടെങ്കിലും വലിയ ഇഎംഐകളും ആഡംബര ജീവിതച്ചെലവുകളും കാരണം കൈയിൽ പണമില്ലാത്ത അവസ്ഥയും ഇതിന് കാരണമാണ്.
പണമാണ് ജീവിതത്തിന്റെ ഏക അളവുകോൽ എന്ന് ചിന്തിക്കുമ്പോൾ മനുഷ്യൻ ഒരു യന്ത്രമായി മാറുന്നു. പണത്തിനപ്പുറം സന്തോഷം തരുന്ന മറ്റ് താല്പര്യങ്ങളോ ബന്ധങ്ങളോ ഇല്ലാതാകുന്നത് വലിയ മാനസിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ അവസ്ഥ മനസ്സിലാക്കാൻ ഡോക്ടർ ആ യുവാവിനോട് 3 ചോദ്യങ്ങൾ ചോദിച്ചു, അതിനു കൃത്യമായ മറുപടികളും ആ യുവാവിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വളരെയധികം കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സമാന ജീവിതസാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന പല ടെക് ജീവക്കാരും തങ്ങളുടെ അനുഭവങ്ങളും വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.
