പഞ്ചവർണ തത്ത പോലെ കൊഞ്ചി വന്ന പെണ്ണേ… അനുഗൃഹീത ഗായകൻ കമുകറ പുരുഷോത്തമനും ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും ചേർന്ന് പാടുന്ന ഈ ഖവാലി കേട്ട് ആസ്വദിക്കാത്ത മലയാളികൾ ഉണ്ടോ? 1964 ൽ റിലീസായ കറുത്ത കൈ എന്ന സിനിമയിൽ സാക്ഷാൽ ബാബുരാജിന്റെ സംഗീതത്തിൽ പിറന്ന ഗാനം 2025 ലെ ആസ്വാദകരും നെഞ്ചേറ്റുന്നുണ്ട്.
രാത്രിയും പകലും നീണ്ട റെക്കോർഡിങ് ആയിരുന്നു. “പഞ്ചവർണ തത്ത പോലെകൊഞ്ചി വന്ന പെണ്ണേ പഞ്ചസാര വാക്ക് കൊണ്ട് നെഞ്ച് തളരണ് പൊന്നേ…’എന്നിങ്ങനെ പി. ഭാസ്കരന്റെ മധുരം കിനിയുന്ന വരികൾ കമുകറയും യേശുദാസും പാടിക്കഴിഞ്ഞതും എം.എസ്. ബാബുരാജ് പറഞ്ഞു . “ഇത്രയും മികച്ചൊരു ഖവാലി മലയാളം ഗാന ലോകത്ത് വേറെ ഉണ്ടാവില്ല.നിങ്ങൾ രണ്ടുപേരുടെയും ഈ ഗാനം എല്ലാ കാലവും നിലനിൽക്കും. യേശുദാസിനെ മുഹമ്മദ് റാഫിയായും പുരുഷോത്തമനെ മന്നാടെയായും ആണ് ഞാൻ മനസിൽ സൂക്ഷിക്കുന്നത്. ” ബാബുക്ക എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ബാബുരാജിന്റെ വാക്കുകൾ സത്യം! പഞ്ചവർണ തത്ത… ഇന്നും മലയാളത്തിന്റെ ഏറ്റവും മനോഹരമായ ഖവാലിയായി നിലനിൽക്കുന്നു.
അധികം ഗാനാസ്വാദകർ അറിഞ്ഞിട്ടില്ലാത്ത ഈ റെക്കോർഡിങ് വിശേഷം പങ്കുവയ്ക്കുന്നത് കമുകറ പുരുഷോത്തമന്റെ മകളും എൻഎസ്എസ് കോളജ് മുൻ സംഗീത അധ്യാപികയും കേരളകലാമണ്ഡലം മുൻ ഡീനുമായ ഡോ. ആർ. ശ്രീലേഖയാണ്.ഏത് കറുത്ത കാലത്തിനും നന്മയെ പൂർണമായും തുടച്ചുനീക്കാൻ കഴിയില്ലെന്ന് പറയാറുണ്ട്.
അത്തരത്തിലൊരു നന്മയാണ്, സംഗീത വിശുദ്ധിയാണ് കമുകറ പുരുഷോത്തമൻ! മികച്ച സംഗീതജ്ഞനും പിന്നണിഗായകനും മാത്രമായിരുന്നില്ല അദ്ദേഹം. സ്നേഹസമ്പന്നനായ വ്യക്തിയായിരുന്നു, കുടുംബനാഥനായിരുന്നു. തന്റെ ജന്മദേശമായ തിരുവട്ടാർ വിട്ടുമാറാൻ ഒരിക്കലും കഴിയാതിരുന്ന ശുദ്ധനായ, കച്ചവടം അറിയാത്ത ഗായകൻ കൂടിയായിരുന്നു. (തിരുവട്ടാറിലെ സ്വന്തം കുടുംബ വക സ്കൂളിലെ പ്രഥമ അധ്യാപകനുമായിരുന്നു.)
സിനിമയിലും ആകാശവാണിയിലും റെക്കോർഡ് ചെയ്യുന്ന ഗാനങ്ങൾ വീട്ടിലെത്തിയാൽ ഉടനെ ഭാര്യ രമണിയേയും മക്കളെയും പാടിക്കേൾപ്പിക്കുന്ന പതിവുണ്ടായിരുന്നു. ആകാശവാണിയിൽ അച്ഛൻ ആലപിച്ച എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിലെ ശരറാന്തൽ വെളിച്ചത്തിൽ… പെരുമ്പാവൂർ.ജി. രവീന്ദ്രനാഥിന്റെ കഥകളി സംഗീതം കേട്ടു… തുടങ്ങിയ എത്രയോ പ്രശസ്ത ഗാനങ്ങൾ അവിടെ വച്ച് തന്നെ റെക്കോർഡ് ചെയ്തു വീട്ടിൽ കൊണ്ടുവന്നു കേൾപ്പിച്ച കാര്യം ശ്രീലേഖ ഓർമിക്കുന്നു.
“അമ്മ നല്ലൊരു സംഗീതാസ്വാദകയായിരുന്നു. അച്ഛന്റെ പാട്ടുകൾ ശരിയായി വിലയിരുത്തും. അച്ഛന്റെ പാട്ടായതു കൊണ്ട് വെറുതെ പുകഴ്ത്തുകയല്ല, മറിച്ച് എന്തെങ്കിലും പിഴവ് കണ്ടാൽ അത് തുറന്നു പറഞ്ഞു കൊണ്ടുള്ള ആഴത്തിലുള്ള വിലയിരുത്തൽ ആയിരുന്നു അത്-’ ശ്രീലേഖയുടെ വാക്കുകൾ.
ആർ. ശ്രീലേഖയെ കൂടാതെ മൂന്നു മക്കൾ കൂടിയുണ്ട് കമുകറ പുരുഷോത്തമന്. ആർ.ശ്രീകല, കമുകറ ശ്രീകുമാർ (ഗായകൻ, പഞ്ചാബ് നാഷണൽ ബാങ്ക് മുൻ ഓഫീസർ) പി. ശ്രീഹരി (എൻജിനീയർ )വീട്ടിൽ നടന്നിരുന്ന സംഗീത ചർച്ചകളിൽ കമുകറ പങ്കുവെച്ച ഒട്ടേറെ ഗാനാനുഭവങ്ങൾ ഉണ്ട്. മലയാളത്തിന്റെ ഗാന ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ മധുരിക്കുന്ന ഓർമകൾ. അത്തരത്തിൽ ഒരു സംഭവം കേൾക്കാം.
മലയാള ചലച്ചിത്ര പിന്നണി ഗാന ലോകത്ത് അവിസ്മരണീയമായ ദാർശനിക അനുഭൂതി തീർത്തതാണ് ഭാർഗവീനിലയത്തിലെ ഏകാന്തതയുടെ അപാരതീരം… എന്ന ഗാനം. ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ തന്നെ പിറന്ന ഗാനം സിനിമയിൽ നായകനായ, സാഹിത്യകാരനായി വന്ന പ്രശസ്ത നടൻ മധു പാടി അഭിനയിക്കുന്നതാണ്.
ആഞ്ഞടിക്കുന്ന കടൽ തിരമാലകളുടെ പശ്ചാത്തലത്തിൽ, കാറ്റിന്റെ ഹുങ്കാരനാദത്തിൽ ഇഴച്ചേർന്ന് വരുന്ന ഗാനത്തിന് വല്ലാത്ത ഒരു ആഴമുണ്ട്. ഈ ഗാനം പാടാൻ ആദ്യം ഹിന്ദി ചലച്ചിത്ര ലോകത്തിലെ പ്രശസ്ത ഗായകനായ ഹേമന്ത് കുമാറിനെയാണ് നിയോഗിച്ചത്. പക്ഷേ ഗഹനമായ പാട്ടിലെ പദങ്ങൾ ഹേമന്ത് കുമാറിന് വഴങ്ങാതെ വന്നു. അങ്ങനെയാണ് കമുകറ ഈ ഗാനം പാടുന്നത്. ഏകാന്തതയുടെ അപാര തീരം… കമുകറ പാടിക്കഴിഞ്ഞപ്പോൾ മലയാള സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് “ഇത് പുരുഷോത്തമനു വേണ്ടി തന്നെയുള്ള ഗാനമാണ് ” എന്നായിരുന്നു.
ഗാനം രചിച്ച പി. ഭാസ്കരൻ മാസ്റ്റർ ഏറെ ആഹ്ലാദത്തോടെ പറഞ്ഞതോ – ‘ഗാനത്തിൽ പുരുഷോത്തമൻ മുദ്ര എന്നുമുണ്ടാവും’ എന്നും.ഇനി മലയാളത്തിന്റെ തത്വചിന്താ ഹൃദയത്തിൽ ആണ്ട് പോയ അനശ്വരമായ ആത്മവിദ്യാലയമേ… എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് കഥ കേൾക്കാം.1955-ൽ റിലീസായ ഹരിശ്ചന്ദ്ര എന്ന സിനിമയിൽ ഹരിശ്ചന്ദ്ര മഹാരാജാവ് ശ്മശാന ജോലിക്കാരനായി നിന്ന് പാടുന്ന ഗാനമാണല്ലോ ഇത്.
സിനിമയുടെ ചിത്രീകരണ ശേഷം റഷസ് ഇട്ടു കാണുമ്പോൾ ഈ ഗാനം കേട്ട ഹരിശ്ചന്ദ്രയുടെ സംവിധായകനും നിർമാതാവുമായ പി. സുബ്രഹ്മണ്യം “പുരുഷോത്തമൻ വന്നിട്ടുണ്ടോ?’ എന്ന് ചോദിച്ചു. തിരുനയിനാർകുറിച്ചി മാധവൻ നായരുടെയും ബ്രദർ ലക്ഷ്മണന്റെയും കൂട്ടുകെട്ടിൽ പിറന്ന ആത്മവിദ്യാലയമേ… പാടിയ ഗായകനോട് പി സുബ്രഹ്മണ്യം പറഞ്ഞു – “പുരുഷോത്തമൻ ഇന്ന് കാർ എടുക്കണ്ട, എന്റെ കാറിൽ വന്നാൽ മതി.
’ സ്വന്തം കാറിൽ മറ്റാരെയും കയറ്റുന്ന ശീലം പൊതുവേ ഉണ്ടായിരുന്നില്ല സുബ്രഹ്മണ്യം മുതലാളി എന്ന് സിനിമ മേഖല മുഴുവൻ ബഹുമാനത്തോടെ വിളിക്കുന്ന മെറിലാൻഡ് പി. സുബ്രഹ്മണ്യത്തിന്! കാറിൽ ഇരിക്കുമ്പോൾ പി. സുബ്രഹ്മണ്യം കമുകറയോട് പറഞ്ഞു ആത്മവിദ്യാലയമേ… എന്ന ഗാനം എല്ലാകാലത്തും പുരുഷോത്തമന്റെ മുദ്രാ ഗാനമായി മാറും. ആ വാക്കുകൾ ഏഴ് പതിറ്റാണ്ടുകൾ കഴിയുമ്പോഴും സത്യമായി നിലനിൽക്കുന്നു. ആത്മവിദ്യാലയമേ… എന്ന് കേൾക്കുമ്പോൾ കമുകറ പുരുഷോത്തമനേയും കമുകറ എന്ന് കേൾക്കുമ്പോൾ ആത്മവിദ്യാലയത്തെയും ഓർമിക്കുന്ന അത്യപൂർവമായ ഒരു അവസ്ഥയുണ്ട്.
ഇനി 1963 ൽ പുറത്തുവന്ന ചിലമ്പൊലി എന്ന സിനിമയിലെ കലാദേവതേ..എന്ന ഗാന റെക്കോർഡിംഗ് വിശേഷങ്ങൾ തന്നെയാവട്ടെ. സിനിമയിലെ കഥാപാത്രങ്ങളായ വില്വമംഗലവും ചിന്താമണിയും ചേർന്നു പാടുന്ന ഗാനമാണ്. കമുകറയും പി. ലീലയും ആണ് വില്വമംഗലം സ്വാമിയാരുടെ ജീവിത കഥ പറയുന്ന ചിലമ്പൊലിയിലെ ഈ യുഗ്മഗാനം പാടിയത്. കഥാപാത്രങ്ങൾ മത്സരിച്ചു പാടുന്നതാണ് സന്ദർഭം. സ്വരങ്ങളും രാഗങ്ങളും ഒരു പ്രവാഹമായി ഒഴുകുന്ന ഗാനം ആലപിക്കുക കഠിനമായിരുന്നു.
കൂടാതെ പഴയകാലത്തെ റെക്കോർഡിംഗ് സംവിധാനത്തിലാണ് ഈ ഗാനം പാടിയത് എന്നു കൂടി ഓർമിക്കുക. ഇന്നത്തെ സാങ്കേതിക സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഓർക്കസ്ട്രയിൽ ഒരു ചെറിയ പിഴവ് സംഭവിച്ചാൽ പോലും ആദ്യം മുതൽ വീണ്ടും റെക്കോർഡ് ചെയ്യണം. കർണാടക സംഗീതത്തിൽ അഗാധ ജ്ഞാനമുള്ള കമുകറ പുരുഷോത്തമനും പി. ലീലയും പാട്ട് പാടി അവസാനിപ്പിച്ചതും സംഗീത സംവിധായകനായ വി. ദക്ഷിണാമൂർത്തി അടുത്തുവന്ന് ഗായകരുടെ കൈപിടിച്ച് കണ്ണുകൾ അടച്ച് അല്പനേരം നിന്നു…
ആ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ ഒഴുകുന്നത് കണ്ട കമുകറ പുരുഷോത്തമനും പി. ലീലയും കണ്ണീരോടെ കൈകൂപ്പി നിന്നു! ജീവിതത്തിലെ വലിയ അഭിമാന നിമിഷങ്ങൾ ആയാണ് കമുകറ ഈ സംഭവത്തെ കണ്ടിരുന്നത്. സംഗീതത്തിലെ ഏറ്റവും വലിയ അവാർഡുകളെക്കക്കാൾ വലുതാണ് ഗാന ജീവിതത്തിലെ ഇത്തരം അനുഭവങ്ങൾ എന്നും കമുകറ പറഞ്ഞിരുന്നു.
1953 മുതൽ 1993 വരെ നീണ്ട ഗാന ജീവിതമായിരുന്നു കമുകറയുടേത്. നൂറിൽപരം ചലച്ചിത്ര ഗാനങ്ങളും ആയിരക്കണക്കിന് ലളിതഗാനങ്ങളും പാടിയ അനശ്വര ഗായകൻ. ഹൃദയത്തിനുള്ളിലെ ആത്മീയ വെളിച്ചവും അപാരമായ കർണാടക സംഗീത ജ്ഞാനവും കമുകറയുടെ പല ഗാനങ്ങളെയും അവിസ്മരണീയങ്ങളാക്കി.
ഇവിടെ മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്. ആത്മവിദ്യാലയമേയും… ഈശ്വര ചിന്തയിതൊന്നേയും… ഏകാന്തതയുടെ അപാരതീരവും… പാടിയ അതേ കമുകറയാണ് കൽക്കണ്ടം പോലുള്ള പ്രണയഗാനങ്ങൾ പാടിയതും. തുമ്പപ്പൂ പെയ്യണ പൂനിലാവേ.. സംഗീതമീ ജീവിതം… ആകാശപൊയ്കയിൽ ഉണ്ടൊരു പൊൻതോണി…
അങ്ങനെ എത്രയോ മനോഹരങ്ങളായ പ്രണയ ഗാനങ്ങൾ. എന്തിനേറെ പെണ്ണേ നിൻ കണ്ണിലെ… എന്ന് തുടങ്ങുന്ന അതീവ രസകരമായ പ്രണയ ഗാനവും കമുകറ തന്നെ പാടി. ഏതുതരം ഗാനങ്ങളെയും, ഏതു വികാരം ഉറയുന്ന ഗാനങ്ങളെയും ഭാവദീപ്തമാക്കാൻ കഴിഞ്ഞിരുന്നു കമുകറ പുരുഷോത്തമൻ എന്ന ഗായകന്!
- എസ്. മഞ്ജുളാ ദേവി

