വിശാഖപട്ടണം: ഐസിസി ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായശേഷമിറങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനു ജയം. ശ്രീലങ്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. 32 പന്ത് ബാക്കിവച്ചാണ് ഇന്ത്യയുടെ ജയം. സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ 121/6. ഇന്ത്യ 14.4 ഓവറില്‍ 122/2.
ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യയെ മുന്നോട്ടുനയിച്ചത് ജെമീമ റോഡ്രിഗസ് ആയിരുന്നു. 44 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ ജെമീറ റോഡ്രിഗസ് 69 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (16 പന്തില്‍ 15) ജെമീമയ്ക്കൊപ്പം ക്രീസില്‍ തുടര്‍ന്നു. സ്മൃതി മന്ദാന (25 പന്തില്‍ 25), ഷെഫാലി വര്‍മ (അഞ്ച് പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ക്രീസില്‍ എത്തിയ ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയാണ് (43 പന്തില്‍ 39). ഹര്‍ഷിത സമരവിക്രമ (21), ഹാസിനി പെരേര (20) എന്നിവരും പൊരുതിനോക്കി. ജെമീമ റോഡ്രിഗസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
