പാലാ: പാലാ നഗരത്തിന്റെ അമരക്കാരി മാത്രമല്ല രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സണായി മാറുമെന്നത് ഇലക്ഷന് ഫലം വരുന്നതുവരെ ദിയ പുളിക്കക്കണ്ട(21) ത്തിനു മനസില്പോലും ചിന്തിക്കാനാകുമായിരുന്നില്ല. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്തശേഷം എംബിഎ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരത്തിനിറങ്ങിയത്.
അച്ഛന് ബിനു അച്ഛന്റെ ജ്യേഷ്ഠന് ബിജു ഉള്‍പ്പെടെ മൂന്നു പേര് സ്വതന്ത്രരായി ഒരേ വീട്ടില്‍നിന്ന് മത്സരിച്ച് മൂവരും വിജയിച്ചു. പാലാ നഗരസഭയില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ലാതെ വരികയും ഏതു മുന്നണി ഭരിക്കണം എന്നത് പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും എന്ന നിലയില്‍ എത്തുകയും ചെയ്തു.
മുരിക്കുംപുഴ 13-ാം വാര്‍ഡില്‍ ബിജു94 വോട്ടിനും പരിപ്പില്‍കുന്ന് 14-ാം വാര്‍ഡില്‍ ബിനു140 വോട്ടിനും പാലംപുരയിടം 15-ാം വാര്‍ഡില്‍ ദിയ 91 വോട്ടിനുമാണ് വിജയിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായി തുടരുന്ന ബിനു പുളിക്കക്കണ്ടം അഞ്ചാം തവണയാണ് നഗരസഭയിലെത്തുന്നത്. ഇവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിർത്താതെ പിന്തുണ നല്‍കിയിരുന്നു.
വനിതാ സംവരണമായതിനാല്‍ ദിയയ്ക്ക് ചെയര്മാന് പദവി വാഗ്ദാനവുമായി ഇടതു വലതു മുന്നണി നേതാക്കള്‍ പുളിക്കക്കണ്ടം വീട് കയറിയിറങ്ങി. അവസാനം ഇവര്‍ യുഡിഎഫിനൊപ്പം നിലയുറപ്പിച്ചതോടെ കേരള കോണ്‍ഗ്രസ്-എം പാലായില്‍ ആദ്യമായി പ്രതിപക്ഷത്തിരുക്കുന്നു. 2020-ല്‍ കേരള കോണ്‍ഗ്രസ് -എം മുന്നണിയിലെത്തിയതോടെയാണ് എല്‍ഡിഎഫ് ആദ്യമായി പാലാ നഗരസഭയില്‍ ഭരണത്തിലേറിയത്.
എല്‍ഡിഎഫില്‍നിന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ബെറ്റി ഷാജുവായിരുന്നു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി. ബെറ്റി ഷാജുവിന് 12 വോട്ടും ദിയ ബിനുവിന് 14 വോട്ടും ലഭിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ മായാ രാഹുലിന് എതിര് കേരള കോണ്‍ഗ്രസ് എമ്മിലെ ബിജു പടവനായിരുന്നു.
ആകെയുള്ള 26 സീറ്റില്‍ 12 സീറ്റില്‍ എല്‍ഡിഎഫിനാണു വിജയം. പത്ത് സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രരാണ് വിജയിച്ചത്. മറ്റൊരു സ്വതന്ത്ര അംഗം മായാ രാഹുലാണ് വൈസ് ചെയര്‍പേഴ്സണ്‍. പാലാ ഡിഇഒ സി. സത്യപാലന് വരണാധികാരിയായിരുന്നു.
ക്ഷേമയാണ് ദിയയുടെ അമ്മ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശ്രേയ ഏകസഹോദരി.
ണ്ടോട്ടി നഗരസഭയിലെ അധ്യക്ഷയായിരുന്ന നിദ ഷഹീറായിരുന്നു ഇതുവരെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ. നിദയ്ക്ക് അന്ന് 26 വയസായിരുന്നു. 2020-ല്‍ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയുമാണ് 21-ാം വയസില്‍ ഇതിനുമുന്‍പ് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയവര്‍.
