കോട്ടയം: കൊട്ടാരക്കര മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ പി. ഐഷാപോറ്റി കോൺഗ്രസിലേക്ക് എത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പറഞ്ഞ അടുത്ത വിസ്മയം ഏതാണെന്ന ചർച്ചയാണ് രാഷ്ട്രീയ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നത്.
നിലവിൽ സിപിഎമ്മുമായി അകൽച്ച പാലിക്കുന്ന കോട്ടയത്തു നിന്നുള്ള മുതിർന്ന നേതാവ് കെ.സുരേഷ്കുറുപ്പിന്റെ പേര് പല കോണുകളിലും അടുത്ത വിസ്മയമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നും സ്വയം ഒഴിഞ്ഞ സുരേഷ്കുറുപ്പ് കുറച്ചുകാലമായി സിപിഎം വേദികളിൽ സജീവമല്ല.
സുരേഷ്കുറുപ്പും സിപിഎമ്മും രണ്ട് വഴിക്കാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രവർത്തന പരിചയം കുറഞ്ഞ തന്നേക്കാൾ ജൂനിയറായ നേതാക്കളെ മേൽ കമ്മിറ്റികളിലേക്ക് പരിഗണിച്ചപ്പോഴും തന്നെ ഒഴിവാക്കിയതിൽ അദ്ദേഹം പരസ്യമായി തന്നെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റിയിലേക്ക് പാർട്ടി പരിഗണിക്കാതിരുന്നതോടെയാണ് സുരേഷ്കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതും പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സുരേഷ്കുറുപ്പ് കളംമാറ്റി ചവിട്ടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അദ്ദേഹവുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയോ സംസ്ഥാന നേതൃത്വമോ തയാറാകുന്നില്ല. അതേസമയം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യം തള്ളിക്കളയുന്നുമില്ല.
സിപിഎം ടിക്കറ്റിൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2011-16 കാലയളവിൽ ഏറ്റുമാനൂരിലെ പ്രതിനിധീകരിച്ചാണ് നിയമസഭാംഗമായത്.
