കോട്ടയം: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിനു പിന്നില്‍ സിപിഎമ്മിലെ ഉന്നതരുടെ പങ്കുണ്ടെന്നും അടിയന്തരമായി ബോര്‍ഡ് പിരിച്ചുവിട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുറത്തുവന്ന 14. 93 കോടി രൂപ അഴിമതിയുടെ ഒരംശം മാത്രമാണെന്നും അഴിമതി മുഴുവന്‍ പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണം. ലോട്ടറി വില്പന തൊഴിലാളികള്‍ കൊടിയ വെയിലും മഴയും നേരിട്ട് ലോട്ടറിവിറ്റ് ഖജനാവില്‍ എത്തിക്കുന്നതു പ്രതിവര്‍ഷം പതിനാറായിരം കോടി രൂപയില്‍ അധികമാണ്. നിയമപരമായി ഇതിന്റെ ഒരു ശതമാനം തുക സര്‍ക്കാര്‍ ബോര്‍ഡിലേക്ക് അടയ്ക്കുന്നതും ലോട്ടറി തൊഴിലാളികള്‍ മാസംതോറും അടക്കുന്ന 50 രൂപ അംശാദായ തുകയുമാണ് ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ടത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലാളികളുടെ ബോണസ് ചികിത്സാ ആനുകൂല്യം, പെന്ഷന്, മക്കളുടെ വിദ്യാഭ്യാസ വിവാഹ ധനസഹായം എന്നിവ നിരന്തരമായി വെട്ടിക്കുറച്ചും സമയത്ത് വിതരണം ചെയ്യാതെയും കടുത്ത തൊഴിലാളി ദ്രോഹമാണ് ചെയ്യുന്നത്. മുന്‍പ് ഇല്ലാത്ത വിധം പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിച്ചും തട്ടിപ്പ് നടത്തുന്നത് ധനമന്ത്രിയുടെയും സിപിഎം ഉന്നതരുടെയും അറിവോടെയാണ്.
ബോര്‍ഡിലെ ഒരു ക്ലാര്‍ക്കിന് മാത്രം ചെയ്യാവുന്ന തട്ടിപ്പല്ല പുറത്തുവരുന്നത്. ഒരു വര്‍ഷം മുന്‍പ് ഇത്തരം ക്രമക്കേടുകള്‍ പുറത്തുവന്നപ്പോള്‍ ഐഎന്‍ടിയുസി ലോട്ടറി ഡയറക്ടറേറ്റിനുമുന്നില്‍ നടത്തിയ അനിശ്ചിതകാല സമരത്തോടനുബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രിയും ഡയറക്ടറും കൂടുതല്‍ നടപടികളും അന്വേഷണങ്ങളും ഉറപ്പു നല്‍കിയിരുന്നു.
എന്നാൽ, അന്വേഷണം നടക്കാതിരുന്നതില്‍ ഉന്നതരുടെ പങ്ക് വ്യക്തമാണെന്നും ഐഎന്‍ടിയുസി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ലോട്ടറി തൊഴിലാളികൾ ശക്തമായ അനിശിതകാല സമരം ആരംഭിക്കുമെന്നും യൂണിയന് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
